ഉന്നത വിദ്യാഭ്യാസ മേഖലയിൽ വികസിത രാജ്യങ്ങളിലുൾപ്പെടെ ലോകത്താകമാനം പ്രതിസന്ധികളാണ്. പ്രതിവർഷം 10 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്ന് വിദേശ സർവകലാശാലകളിലെത്തുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യു.കെ എന്നിവിടങ്ങളിലേക്കാണ് ഒഴുക്ക് കൂടുതൽ. എന്നാൽ, ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തിനെത്തുന്ന യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സർവകലാശാലകൾ നിലനില്പിനുവേണ്ടി ബുദ്ധിമുട്ടുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ഫെഡറൽ സഹായത്തിൽ വൻ ഇടിവുണ്ടായതിൽ അമേരിക്കൻ സർവകലാശാലകളും പ്രതിസന്ധി നേരിടുന്നുണ്ട്. യൂണിവേഴ്‌സിറ്റികളിലെത്തുന്ന വിദ്യാർത്ഥികളുടെ കുറവും സർവകലാശാലകളുടെ നിലനില്പിനെയും സാമ്പത്തിക ഭദ്രതയെയും ബാധിച്ചിട്ടുണ്ട്.
പി.എസ്.ഡബ്ല്യുവും ജീവിതച്ചലവും
.................................................
കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലുണ്ടായ ഭീമമായ ജീവിതച്ചെലവിലെ വർദ്ധനവ് വിദ്യാർത്ഥികളെ വിദേശ പഠനത്തിൽനിന്ന് മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ (പി.എസ്.ഡബ്ല്യു) ലഭിക്കുന്നതിലുള്ള കാലതാമസവും വിദ്യാർത്ഥികളുടെ പ്രവേശന ഇടിവിനു കാരണമാണ്. തൊഴിൽ അവസരങ്ങളുടെ കുറവും കുറഞ്ഞ വേതനവും പാർടൈം തൊഴിൽ തീർത്തും അനാകർഷകമാക്കുന്നു.
യു.കെ യിലെ 20 ശതമാനത്തോളം യൂണിവേഴ്‌സിറ്റികളും പ്രതിസന്ധിയിലാണ്. 2023-ൽ 17% യൂണിവേഴ്‌സിറ്റികൾക്ക് ആഭ്യന്തര പ്രവേശനത്തിൽ 20 ശതമാനം വളർച്ച പ്രതീക്ഷയുണ്ടായിരുന്നു. 2025-ൽ ഇത് അഞ്ചു ശതമാനമായി കുറഞ്ഞു. 2023ൽ 42% യൂണിവേഴ്‌സിറ്റികൾ 20% കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ലക്ഷ്യമിട്ടപ്പോൾ 2025 ൽ 60% യൂണിവേഴ്‌സിറ്റികൾ അടുത്ത 3–5 വർഷത്തിൽ മിതമായ വളർച്ച മാത്രം പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നവർ എട്ടു ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങൾ തകർച്ചയെ നേരിടാൻ യൂണിവേഴ്സിറ്റികൾ തമ്മിലുള്ള ലയന സാദ്ധ്യത പരിഗണിക്കുന്നുണ്ട്.
അടുത്തിടെയാണ് സാമ്പത്തിക ഉത്തേജനത്തിലൂടെ സ്‌കോട്ട്‌ലാൻഡിലെ Dundee യൂണിവേഴ്‌സിറ്റിയെ രക്ഷിച്ചത്. ഇപ്പോൾ യു.കെയിൽ വളരെ കുറച്ച് യൂണിവേഴ്‌സിറ്റികളാണ് 'വളർച്ച വഴി മുന്നേറാം' എന്ന വിശ്വാസത്തിൽ കഴിയുന്നത്.
വിദേശ പഠനം ലക്ഷ്യമിടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ മാറുന്ന സാഹചര്യം വിലയിരുത്തണം. ഒരിക്കലും സാദ്ധ്യതയില്ലാത്ത വിദേശ കോഴ്‌സുകൾക്ക് ചേരരുത്. കുറഞ്ഞ ചെലവിൽ രാജ്യത്തു പഠിക്കാവുന്ന സമാന കോഴ്‌സുകൾ പരിഗണിക്കണം.
എൻജിനിയറിംഗ് മൂന്നാംഘട്ടം, ആർക്കിടെക്ചർ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്
2025-ലെ എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 12ന് ഉച്ചയ്ക്ക് 2 നുള്ളിൽ ഓൺലൈനായി ഫീസ് അടച്ചശേഷം അന്ന് വൈകിട്ട് 3ന് മുമ്പ് അതത് കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കി കോളേജുകളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും.
ഈ അലോട്ട്മെന്റ് എൻജിനിയറിംഗ് കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ ഈ വർഷം നടത്തുന്ന അവസാന അലോട്ട്മെന്റാണ്. ഈ ഘട്ടത്തിലെ അലോട്ട്മെന്റിന് ശേഷം സർക്കാർ/എയ്ഡഡ് കോളേജുകളിൽ ഒഴിവുള്ള എൻജിനിയറിംഗ് സീറ്റുകൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സ്പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. മറ്റ് കോളേജുകളിൽ ഒഴിവ് വരുന്ന സീറ്റുകൾ അതത് കോളേജുകൾ ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ, പ്രോസ്പെക്ടസിലെ ബാധകമായ വ്യവസ്ഥകൾ എന്നിവ അനുസരിച്ച് സ്പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487
ഓർമിക്കാൻ....
2025-26 അദ്ധ്യയന വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ്വൈഫറി കോഴ്സുകൾക്കും ഓക്സിലിയറി നഴ്സിംഗ് & മിഡ്വൈഫറി കോഴ്സുകൾക്കും ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://lbscentre.in/gnmanm2025/
നീറ്റ് യു.ജി: തീയതി വീണ്ടും നീട്ടി
എം.ബി.ബി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന നീറ്റ് യു.ജി ആദ്യ റൗണ്ട് അലോട്ട്മെന്റ് ചോയ്സ് ഫില്ലിംഗ് സമയം ഇന്ന് രാത്രി 11.59 വരെ ആയി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീട്ടി. വെബ്സൈറ്റ് :mcc. nic.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |