ന്യൂഡൽഹി: തിരുവനന്തപുരം -ഡൽഹി എയർ ഇന്ത്യ വിമാനം ഞായറാഴ്‌ച ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണെന്ന് യാത്രക്കാരായ എം.പിമാർ. ലാൻഡ്‌ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനമുണ്ടായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവർ പറഞ്ഞു. വിമാനം മുകളിലേക്ക് പറത്താൻ പൈലറ്റിന് കഴിഞ്ഞതുകൊണ്ട് മാത്രമാണ് യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു. സി.പി.എമ്മിലെ പി കെ. രാധാകൃഷ്ണൻ എം.പി, തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം പി റോബർട്ട് ബ്രൂസ് എന്നിവരടക്കം 160 യാത്രക്കാരുണ്ടായിരുന്നു.
റൺവേ നിയന്ത്രിക്കുന്ന എയർപോർട്ട് അതോറിറ്റി പ്രതികരിച്ചിട്ടില്ല. റൺവേയിൽ വേറെ വിമാനം ഇല്ലായിരുന്നുവെന്നും സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നും എയർ ഇന്ത്യ വിശദീകരിച്ചു. എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശമനുസരിച്ചാണ് ലാൻഡ് ചെയ്യാതിരുന്നത്. റൺവേയുടെ ഇടതുവശത്ത് പാഴ്വസ്തുക്കളുണ്ടെന്ന് തൊട്ടു മുൻപ് ടേക്ക് ഓഫ് ചെയ്ത ഗൾഫ് എയർ വിമാനം എ.ടി.സിയെ അറിയിച്ചിരുന്നു. തുടർന്നാണ് അനുമതി നിഷേധിച്ചത്. ഒന്നും ഇല്ലെന്ന് ബോധ്യമായപ്പോൾ അനുമതി നൽകിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
എയർ ഇന്ത്യ കള്ളം പറയുകയാണെന്നും പൈലറ്റ് തന്നെയാണ് റൺവേയിൽ മറ്റൊരു വിമാനമുള്ളതിനാൽ ലാൻഡിംഗ് സാധിക്കില്ലെന്ന് പറഞ്ഞതെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. അന്വേഷണം നടത്തണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനോട് (ഡി.ജി.സി.എ) ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം റഡാർ സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ആദ്യ ശ്രമം പരാജയപ്പെട്ടു. അരമണിക്കൂറിലേറെ വട്ടമിട്ട് പറന്നതിന് ശേഷമാണ് ലാൻഡ് ചെയ്യാനായത്.
സാങ്കേതിക തകരാറുണ്ടെന്ന സംശയവും മോശം കാലാവസ്ഥയും കാരണം മുൻകരുതൽ എന്ന നിലയ്ക്കാണ് ചെന്നൈയിൽ ഇറക്കിയതെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചെന്നും എയർ ഇന്ത്യ അറിയിച്ചു.
``ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവ് മൂലമാണ് മറ്റൊരു വിമാനവുമായുള്ള കൂട്ടിയിടി ഒഴിവായത്.``
-കൊടിക്കുന്നിൽ സുരേഷ്
``രക്ഷപ്പെട്ടത് മഹാഭാഗ്യം, വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. യാത്രക്കാർ പരിഭ്രാന്തരായി.``
- അടൂർ പ്രകാശ്
``അഞ്ച് എം.പിമാരടക്കം ദുരന്തത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കേന്ദ്ര സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം.``
- വി. ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |