വാഷിംഗ്‌ടൺ: ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വെടിനിർത്തലിനായി ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറഞ്ഞത് ആറോ ഏഴോ വിമാനങ്ങൾ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യത്തിനാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
'കഴിഞ്ഞ ആറുമാസത്തിനിടെ ആറ് യുദ്ധങ്ങളാണ് ഞാൻ പരിഹരിച്ചത്. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയെയും പാകിസ്ഥാനെയും നോക്കിയാൽ, വിമാനങ്ങൾ ആകാശത്തുവച്ചുതന്നെ തകർത്തു. ആറോ ഏഴോ വിമാനങ്ങളാണ് തകർത്തത്. ആണവയുദ്ധത്തിലേയ്ക്ക് കടക്കാനിരിക്കുകയായിരുന്നു അവർ, ഞങ്ങളത് പരിഹരിച്ചു'- എന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം തന്റെ ഓഫീസിൽവച്ചു പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായതിൽ മദ്ധ്യസ്ഥത വഹിച്ചതായി നേരത്തെയും ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിൽ വിദേശ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനെതിരെയുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ഒരു രാജ്യവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. ഭാരതത്തിന്റെ സെെനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സെെന്യം ഓപ്പറേഷൻ സിന്ദൂറിൽ 100 ശതമാനം ലക്ഷ്യം കണ്ടു. ഭീകര കേന്ദ്രങ്ങൾ മിനിട്ടുകൾക്കുള്ളിൽ ആക്രമിച്ചു തകർത്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കുന്നത്. കൊടുംഭീകരര്‍ ഉള്‍പ്പെടെ നൂറ് തീവ്രവാദികളും കൊല്ലപ്പെട്ടുവെന്ന് സൈന്യം പറയുന്നു. പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |