ലക്നൗ: കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തറിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സ്വകാര്യ കോച്ചിംഗ് സെന്ററിൽ ആർമി റിക്രൂട്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന യുവാക്കളാണ് മരിച്ചത്. ഫറൂക്കാബാദിലെ കദ്രി ഗേറ്റ് പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് താഴെയുള്ള സെപ്റ്റിക് ടാങ്കാണ് പൊട്ടിത്തെറിച്ചത്. ലോക്കൽ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. ചികിത്സയിലുള്ള അഞ്ച് പേരുടെയും പരിക്ക് ഗുരുതരമാണെന്നും പൊലീസ് പറയുന്നു. ടാങ്കിൽ മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കി.
'സൺ ലൈബ്രറി ആൻഡ് കോച്ചിംഗ് സെന്റർ' എന്ന പേരിൽ താന നവാബ്‌ഗഞ്ചിലെ ഗുതിന നിവാസികളായ യോഗേഷ് രജപുത്തും രവീന്ദ്ര ശർമ്മയും ചേർന്ന് നടത്തുന്ന കോച്ചിംഗ് സെന്ററിലാണ് അപകടം സംഭവിച്ചത്. രണ്ട് നിലകളിലായാണ് കെട്ടിടം. താഴത്തെ നിലയിൽ കോച്ചിംഗ് സെന്ററും മുകൾ നിലയിൽ ലൈബ്രറിയുമായിരുന്നു. സ്ഫോടനത്തിൽ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്ഫോടനം സംഭവിച്ചത്. അപകടസമയത്ത് കോച്ചിംഗ് സെന്ററിൽ വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇവരിൽ ഏറെയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ആയിരുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നിട്ടിണ്ട്. തൊട്ടടുത്തുള്ള ഒരു ടിൻ ഷെഡും അതിന് താങ്ങ് നൽകിയിരുന്ന തൂണും തകർന്നു. ഷെഡിന് താഴെ നിർത്തിയിട്ടിരുന്ന നിരവധി മോട്ടോർ സൈക്കിളുകൾക്കും സമീപത്തുണ്ടായിരുന്ന ഫർണ്ണിച്ചറുകൾക്കും കേടുപാടുകൾ സംഭവിട്ടുണ്ട്.
പെട്ടെന്നുണ്ടായ സ്ഫോടനത്തിൽ ആളുകൾ വലിയ രീതിയിൽ പരിഭ്രാന്തരായി. വൻ ശബ്ദത്തോടുകൂടി ടാങ്ക് പൊട്ടിത്തെറിച്ചപ്പോൾ അന്തരീക്ഷത്തിലാകെ പൊടിപടലം നിറഞ്ഞ് എന്താണ് സംഭവിക്കുന്നെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ടാങ്കിന് സമീപത്ത് നിന്ന് ഒരു സ്വിച്ച് ബോർഡ് കണ്ടെത്തിയതായും ഇതിൽ നിന്നും ഉണ്ടായ തീപ്പൊരി സ്‌ഫോടനത്തിന് കാരണമായിട്ടുണ്ടാകാമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |