ഓസ്‌ലോ: തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ജനാധിപത്യത്തിന്റെ ശബ്ദമായ മറിയ കൊറീന മചാഡോയ്ക്ക് (58) ഇക്കൊല്ലത്തെ സമാധാന നോബൽ. പ്രതിപക്ഷ നേതാവും ദേശീയ അസംബ്ളി അംഗവുമാണ്. ഭരണകൂടത്തെ ഭയന്ന് രാജ്യത്ത് ഒളിവിൽ കഴിയുകയാണ്. നോബൽ നേടുന്ന രണ്ടാമത്തെ വെനസ്വേല സ്വദേശിയാണ്.
ജനാധിപത്യ അവകാശങ്ങൾക്കായി മറിയ അക്ഷീണം പോരാടിയതായി നോർവീജിയൻ നോബൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. 11 മില്യൺ സ്വീഡിഷ് ക്രോണറാണ് (10,38,50,000 രൂപ) പുരസ്കാരത്തുക. ജനാധിപത്യ സംഘടനയായ 'സൂമാറ്റെ"യുടെ സ്ഥാപകയാണ്. രണ്ട് ദശാബ്ദത്തിലേറെയായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്കായി നിലകൊണ്ടു. 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയ്ക്കെതിരെ പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോം മറിയയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചെങ്കിലും ഭരണകൂടം വിലക്കി. പകരം എഡ്മണ്ടോ ഗോൺസാലസ് മത്സരിച്ചെങ്കിലും മഡുറോ മൂന്നാം ഊഴം നേടി. മഡുറോയുടെ ജയത്തെ പാശ്ചാത്യ ലോകം അംഗീകരിച്ചിട്ടില്ല. അമേരിക്കയുടെ ബദ്ധശത്രുവുമാണ് മഡുറോ.
ഏകാധിപതികൾ അധികാരം പിടിച്ചെടുക്കുമ്പോൾ, നിവർന്നുനിന്ന് ചെറുത്തുനിൽപ്പ് നടത്തുന്ന ധീരരായ സ്വാതന്ത്റ്യ സംരക്ഷകരെ അംഗീകരിക്കേണ്ടത് അനിവാര്യമാണ്
- നോർവീജിയൻ നോബൽ കമ്മിറ്റി
ഞാനോ, ദൈവമേ ...
നോബൽ പുരസ്കാരം ലഭിച്ചത് അമ്പരപ്പോടെയാണ് മറിയ കേട്ടത്. വീഡിയോ കോളിലൂടെ
നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ക്രിസ്റ്റ്യൻ ബെർഗ് അറിയിക്കുകയായിരുന്നു. 'ദൈവമേ ഞാനോ... പറയാൻ വാക്കുകളില്ല. ഒരു സമൂഹത്തിന്റെ മുഴുവൻ നേട്ടമാണിത്. നോബൽ കമ്മിറ്റിക്ക് നന്ദി"- ഇതായിരുന്നു പ്രതികരണം.
ട്രംപിന് നിരാശ,
കമ്മിറ്റിക്ക് വിമർശനം
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാന നോബൽ ലഭിക്കാത്തതിന്റെ അമർഷം വൈറ്റ് ഹൗസ് പ്രകടിപ്പിച്ചു. സമാധാനമല്ല, രാഷ്ട്രീയം നോക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നതെന്ന് നോബൽ കമ്മിറ്റി വീണ്ടും തെളിയിച്ചെന്ന് കുറ്റപ്പെടുത്തി. നോബൽ ലഭിക്കാൻ അവകാശവാദവുമായി ട്രംപ് സ്വയം മുന്നോട്ടുവന്നിരുന്നു. എന്നാൽ, ട്രംപ് അധികാരത്തിലെത്തിയ ജനുവരിയിൽ തന്നെ നോമിനേഷൻ പ്രക്രിയ അവസാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |