സ്പെയിൻ: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ പെയിന്റിംഗ് കാണാതായതിൽ സ്‌പാനിഷ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദർശനത്തിന് കൊണ്ട് പോകും വഴി മാഡ്രിഡിനും തെക്കൻ നഗരമായ ഗ്രാനഡയ്ക്കും ഇടയിലാണ് പെയിന്റിംഗ് കാണാതായത്. 'സ്‌റ്റിൽ ലൈഫ് വിത്ത് ഗിത്താർ' എന്ന് പേരിട്ടിരുന്ന ഓയിൽ പെയിന്റിംഗിന് ഏകദേശം ആറുകോടി രൂപവില വരും.
കാജ ഗ്രാനഡ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'സ്‌റ്റിൽ ലൈഫ്, ദി എറ്റേർണിറ്റി ഓഫ് ഇനേർട്ട്' എന്ന പ്രദർശനത്തിന്റെ ഭാഗമായ 57 കലാസൃഷ്ടികളുടെ കൂട്ടത്തിലാണ് പെയിന്റിംഗ് സൂക്ഷിച്ചത്. ഇവ സെപ്‌തംബർ 25ന് മാഡ്രിഡിൽ സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഗ്രാനഡയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, കൂട്ടത്തിൽ പിക്കാസോ പെയിന്റിംഗ് എത്തിയിട്ടില്ലെന്ന് മനസിലാക്കിയ സംഘാടകർ ഒക്ടോബർ പത്തിന് പൊലീസിൽ പരാതി നൽകി. പിക്കാസോ പെയിന്റിംഗില്ലെങ്കിലും നേരത്തെ നിശ്ചയിച്ചപ്രകാരം കാജാ ഗ്രാനഡ കൾച്ചറൽ സെന്ററിൽ പ്രദർശനം നടന്നു.
ലോക മാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലവരുന്ന പിക്കാസോ പെയിന്റിംഗുകൾ മോഷ്ടിക്കപ്പെടുന്നത് ഇതാദ്യമല്ല. 1976 ൽ ഫ്രാൻസിലെ ഒരു മ്യൂസിയത്തിൽ നിന്ന് 100 പിക്കാസോ പെയിന്റിംഗുകൾ മോഷണം പോയി. പിന്നീട് അവയെല്ലാം കണ്ടെടുത്തിരുന്നു.
നിലവിൽ ക്രിമിനൽ കേസുകളുടെ പരിധിയിലാണ് അന്വേഷണം നടക്കുന്നത്. ഏത് ഘട്ടത്തിലാണ് കലാസൃഷ്ടികളുടെ കൂട്ടത്തിൽ നിന്ന് പെയിന്റിംഗ് നഷ്ടമായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സ്പാനിഷ് കലാസമൂഹത്തിനേറ്റ വലിയ പ്രഹരമായാണ് സംഭവത്തെ കണക്കാക്കുന്നത്. ഇതോടെ ഉയർന്ന മൂല്യമുള്ള കലാസൃഷ്ടികൾ പ്രദർശനത്തിന് മാറ്റുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവും വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |