
സിഡ്നി: ആഷസ് പരമ്പരയിലെ ദയനീയ തോൽവികൾക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിൽ വൻ അഴിച്ചുപണികൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ ടീമിന്റെ മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും നിലവിലെ തന്ത്രങ്ങളുമായി മുന്നോട്ട് പോകാനാണ് താൽപ്പര്യമെന്നുമാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങളോട് നായകൻ ബെൻ സ്റ്റോക്സ് വ്യക്തമാക്കുന്നത്. മക്കല്ലത്തിന്റെ പരിശീലക സ്ഥാനത്തെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നതിനിടെയായിരുന്നു സ്റ്റോക്സിന്റെ പ്രതികരണം.
'ഞാനും ബ്രണ്ടനും തന്നെയാണ് ഈ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യരായ ആളുകൾ എന്നതിൽ എനിക്ക് സംശയമില്ല. നിലവിലെ സാഹചര്യത്തിൽ നിന്ന് ടീമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ മറ്റൊരു സഖ്യത്തിന് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. പോരായ്മകൾ പരിഹരിച്ച് ടീമിനെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം' ഇംഗ്ലണ്ട് ക്യാപ്ടൻ പറയുന്നു. ആഷസ് പര്യടനത്തിനിടെ ടീമിന് നേരിടേണ്ടി വന്ന കടുത്ത വിമർശനങ്ങളെക്കുറിച്ചും സ്റ്റോക്സ് തുറന്നുപറഞ്ഞു.
'മുൻപത്തെക്കാൾ താരങ്ങൾ സോഷ്യൽ മീഡിയകളിലൂടെ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ട് . വിമർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക അസാദ്ധ്യമാണ്. ഫോൺ പുഴയിൽ എറിഞ്ഞാൽ മാത്രമേ വാർത്തകളിൽ നിന്ന് പൂർണ്ണമായും രക്ഷപ്പെടാൻ കഴിയൂ, പക്ഷെ എനിക്ക് ഫോണിൽ ഗെയിമുകൾ കളിക്കുന്നത് അത്രയ്ക്ക് ഇഷ്ടമാണ്'-സ്റ്റോക്സ് തമാശരൂപേണ പറഞ്ഞു.
2022ൽ സ്റ്റോക്സ്-മക്കല്ലം സഖ്യം ചുമതലയേറ്റ ശേഷം ഇംഗ്ലണ്ട് പിന്തുടരുന്ന അതിവേഗ ബാറ്റിംഗ് ശൈലിയായ 'ബാസ്‌ബോൾ' നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇത്തവണത്തെ ആഷസ്. ആദ്യ മൂന്ന് മത്സരങ്ങളും വെറും 11 ദിവസത്തിനുള്ളിൽ അടിയറവ് വയ്‌ക്കേണ്ടി വന്ന ഇംഗ്ലണ്ട് പരമ്പര കൈവിട്ടിരുന്നു. എങ്കിലും, മെൽബണിൽ രണ്ട് ദിവസംകൊണ്ട് മത്സരത്തിൽ വിജയിച്ച് 15വർഷത്തെ കാത്തിരിപ്പിന് ശേഷം ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് ജയം സ്വന്തമാക്കാൻ ഇംഗ്ലീഷ് സംഘത്തിന് സാധിച്ചു. ഞായറാഴ്ച സിഡ്നിയിൽ ആരംഭിക്കുന്ന അഞ്ചാം മത്സരത്തോടെ ആഷസ് പരമ്പര സമാപിക്കും. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് മക്കല്ലത്തിന് ഇനിയും അവസരം നൽകുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |