
വാഷിംഗ്‌ടൺ: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ട്രൂത്ത് പേജിലൂടെയാണ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ടത്. യുദ്ധക്കപ്പലിന് ഉള്ളിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കണ്ണ് കറുത്ത മാസ്ക് ഉപയോഗിച്ച് മൂടിയ നിലയിലാണ്. കെെയിൽ വിലങ്ങും അണിയിച്ചിട്ടുണ്ട്.
അതേസമയം, നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ ദൗത്യത്തെ 'മികച്ച ഓപ്പറേഷൻ' എന്നാണ് ട്രംപ് പ്രശംസിച്ചത്. മഡൂറോയെയും ഭാര്യയെയും പിടികൂടി നാടുകടത്തിയെന്ന് ട്രംപ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അമേരിക്കൻ സൈന്യം കരീബിയൻ മേഖലയിലേക്ക് വലിയ രീതിയിൽ സൈനിക വിന്യാസം നടത്തിയിരുന്നു. കൊളംബിയയിലെ ബോഗോട്ടയിലെ അമേരിക്കൻ എംബസി വെനസ്വേലയിലുള്ള തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2019 മുതൽ കാരക്കാസിലെ അമേരിക്കൻ എംബസിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
വെനസ്വേലയിലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സർക്കാർ നിയന്ത്രണത്തിലുള്ള ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ, മഡൂറോയും ഭാര്യയും നിലവിൽ എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് വ്യക്തമാക്കിയത്. മഡൂറോ ജീവനോടെയുണ്ടെന്നതിന് തെളിവ് നൽകണമെന്നും അവർ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ഇന്നു പുലർച്ചെയാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക ശക്തമായ ആക്രമണം നടത്തിയത്. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴ് സ്‌ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. സൈനിക സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകിയതിനാണ് ആക്രമണമെന്നാണ് അമേരിക്ക പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |