
കാസർകോട്: ഡോക്‌ടറുടെ പരിശോധനാമുറിയിൽ നായ്‌ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്. ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ചതിനാണ് ജീവനക്കാർ നായ്‌ക്കുരണപ്പൊടി വിതറിയത്. മാവുങ്കൽ ഇസിഎച്ച്എസ് പോളിക്ലിനിക് ആശുപത്രിയിലെ ഡോ. ടി കെ ഷർമിനയുടെ പരാതിയിൽ ജീവനക്കാരായ ജയകൃഷ്‌ണണൻ, ആശുപത്രി ലാബ് ടെക്‌നിഷ്യ അഞ്ജലി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. ഡോക്‌ടറുടെ മുറിയിലും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളിലും നായ്‌ക്കുരണപ്പൊടി വിതറിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്‌ടർ ഹൊസ്‌ദുർഗ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ജോലിസംബന്ധമായി ശകാരിച്ചതിൽ പ്രതികാരമായാണ് നായ്‌ക്കുരണപ്പൊടി വിതറിയതെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |