
മൂലമറ്റം: ഇടുക്കി റൂട്ടിൽ കുരുതിക്കളം, കുളമാവ് എന്നിവിടങ്ങളിലെ മലമുകളിൽ ഇന്നലെ തീ പിടുത്തമുണ്ടായി. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പറമ്പിൽ തീ പിടിച്ചത് ആളിപ്പടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയിൽ അറിയിച്ചത്. ഉടനടി മൂലമറ്റത്ത് നിന്നും ഒരു യൂണിറ്റ് സേന സംഭവ സ്ഥലത്തെത്തി. വാഹനം എത്തിച്ചേരാൻ പറ്റുന്ന സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തും പറ്റാത്ത സ്ഥലങ്ങളിൽ നടന്നെത്തി ഫയർ ബീറ്റർ ഉപയോഗിച്ചും തീ തല്ലിക്കെടുത്തുകയായിരുന്നു. ശിവൻ ചട്ടിക്കുഴിയിൽ, ജോജി മുത്തിനാനിക്കൽ, ടോമി മണ്ണാപ്പറമ്പിൽ എന്നിവരുടെ പറമ്പിലാണ് തീ പടർന്നത്. കനത്ത ചൂടും, അതിവേഗം ആളിപ്പളർന്ന തീയും വകവയ്ക്കാതെയാണ് അഗ്നി രക്ഷാസേനാംഗങ്ങൾ തീ കെടുത്താനുള്ള ശ്രമങ്ങളിൽ പങ്കുചേർന്നത്. മൂന്ന് മണിക്കൂറിലധികം കഠിനമായി പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കുളമാവിലുണ്ടായ തീ പിടുത്തം അരമണിക്കൂറിലധികം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജിന്റെ നേതൃത്വത്തിൽ ജിൻസ് മാത്യു, ജിനേഷ് ടി.ആർ, ജെയിംസ് തോമസ്, മനു ആന്റണി, എ.അഫ്സൽ ഖാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |