കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ നിന്ന് മുനീശ്വരൻ കോവിൽ ഭാഗത്തേക്കുള്ള റെയിൽവേ ഫുട് ഓവർബ്രിഡ്ജ് പൊളിച്ചുമാറ്റിയിട്ട് അറ്റകുറ്റപണി ആരംഭിക്കാതെ റെയിൽവേയുടെ കടുംപിടുത്തം തുടരുന്നു. പാലം പൊളിച്ചുമാറ്റിയിട്ട് മാസങ്ങളേറെയായിട്ടും റെയിൽവേ ഇതുവരെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വരുന്നവർ ഉപയോഗിച്ചിരുന്ന മേൽപ്പാലം പൊളിച്ച് നീക്കിയതോടെയാണ് യാത്രക്കാരും പ്രദേശത്തെ കച്ചവടക്കാരും ബുദ്ധമുട്ടിലായത്.
റെയിൽവേ ഫുട് ഓവർബ്രിഡ്ജ് പൊളിച്ചുമാറ്റിയതോടെ പഴയ ബസ് സ്റ്റാന്റിലെ തിരക്ക് കുറഞ്ഞു. ഇത് മൂലം ഇവിടെയുള്ള ചെറുകിട കച്ചവടക്കാരുടെ വരുമാനം കുറയുന്നതിന് കാരണമായി. റെയിൽവേ നടപ്പാലം പൂർണമായും പൊളിച്ചുനീക്കിയത് മൂലം പഴയ ബസ് സ്റ്റാന്റിലേക്കുള്ള യാത്രാ സർവീസും ഇല്ലാതായി. ഇത് ഓട്ടോറിക്ഷാ തൊഴിലാളികളെ അടക്കം ബാധിച്ചുവെന്നാണ് വിലയിരുത്തൽ. റംസാൻ സീസൺ ആരംഭിച്ചിട്ടും വ്യാപാരികൾക്ക് കച്ചവടമില്ലാത്ത അവസ്ഥയിലാണ്.
ടെൻഡർ നടപടികൾ പൂർത്തിയാകാത്തത് കൊണ്ടാണ് പുതിയ മേൽപ്പാലത്തിന്റെ പ്രവൃത്തി തുടങ്ങാത്തതെന്നാണ് റെയിൽവേ അധികൃതർ ഇപ്പോഴും പറയുന്നത്. 30 വർഷത്തോളം പഴക്കമുള്ള ഓവർ ബ്രിഡ്ജ് പൊളിച്ചുമാറ്റിയതോടെ റെയിൽവേ സ്റ്റേഷനിലേക്കും, പഴയ സ്റ്റാൻഡിലേക്കുമുള്ള എളുപ്പ വഴിയാണ് അടഞ്ഞത്. വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം നിരവധി പേരാണ് നടപ്പാലം ഉപയോഗിച്ചിരുന്നത്.
കണ്ടെത്തിയത് കടുത്ത ബലക്ഷയം
വിദഗ്ധ പരിശോധനയിൽ പാലത്തിന് കാലപ്പഴക്കത്തെ തുടർന്ന് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ പാലം ഉപയോഗിക്കാനാവില്ലെന്നും റെയിൽവേ എൻജിനിയർമാർ കണ്ടെത്തി. സ്ലാബുകൾ ദ്രവിച്ച നിലയിലായിരുന്നു. ഇതോടെയാണ് പാലം പൊളിച്ചു നീക്കി പകരം പുതിയത് നിർമിക്കാൻ തീരുമാനിച്ചത്. നടപ്പാലം പൊളിച്ചുമാറ്റിയതോടെ കാൽനട യാത്രക്കാരടക്കം ദുരിതത്തിലായി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഏറെ കറങ്ങിവേണം ലക്ഷ്യ സ്ഥാനത്തെത്താൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |