തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ വാർഡുതലങ്ങളിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതം.എന്നാൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരനക്കവുമില്ലെന്ന് ആക്ഷേപം.
ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിനും ഒരു ലക്ഷം രൂപ വീതം നഗരസഭ അനുവദിച്ചതോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്.പകർച്ചവ്യാധി പ്രതിരോധത്തോടൊപ്പം,മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനും ഇത്തവണ നഗരസഭ പ്രത്യേക ഊന്നൽ നൽകുന്നു.
നഗരത്തിലെ പ്രധാന ഡ്രെയിനേജ് സംവിധാനമായ ആമയിഴഞ്ചാൻ തോടിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കും ഇറിഗേഷൻ വകുപ്പിനും ഒരുപോലെയുണ്ടെങ്കിലും നഗരസഭ മാത്രമാണ് ഈ വിഷയത്തിൽ മുന്നിട്ടിറങ്ങുന്നതെന്നും അധികൃതർ പറയുന്നു.
ജാഗ്രതാനിർദ്ദേശം നൽകി
മഴക്കാലത്ത് മരങ്ങൾ കടപുഴകി വൈദ്യുത ലൈനുകൾ പൊട്ടിവീഴാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് നഗരസഭ ജാഗ്രതാ നിർദ്ദേശം നൽകി.ഇതിന്റെ ഭാഗമായി റോഡരികിലും പൊതുസ്ഥലങ്ങളിലും അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.ഓടകളിലെ വെള്ളക്കെട്ട് കാരണം നടപ്പാതകൾ തിരിച്ചറിയാൻ കഴിയാതെ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ,സ്ലാബുകളില്ലാത്ത ഓടകൾക്ക് മുകളിൽ താത്കാലിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും നിർദ്ദേശമുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് വളരുന്നത് തടയാനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി.
തോടും ഓടയും
വൃത്തിയാക്കുന്നു
കഴിഞ്ഞ വർഷങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ 'ഹോട്ട് സ്പോട്ടു'കളായി തിരിച്ചാണ് നിലവിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ആമയിഴഞ്ചാൻ തോടിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുന്നത് ഒരാഴ്ചയായി തുടരുകയാണ്.പോക്കറ്റ് റോഡുകൾ വെള്ളക്കെട്ടിലാകുന്നത് തടയാൻ ഓടകളിലെ നീരൊഴുക്കും സുഗമമാക്കുന്നുണ്ട്.
മഴ കനക്കുന്നതിന് മുൻപ് നഗരത്തിലെ പ്രധാന തോടുകളും ഓടകളും വൃത്തിയാക്കുന്നതിലൂടെ വലിയൊരു പരിധിവരെ ദുരന്തസാദ്ധ്യത കുറയ്ക്കാൻ കഴിയും.
എം.ആർ.ഗോപൻ,ഹെൽത്ത് സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |