കോഴിക്കോട്: വീടെന്ന സ്വപ്നം ഉള്ളിലൊതുക്കി, ഈ കൂരയിൽ അന്തിയുറങ്ങുന്ന റുബൈൽ സോനുവിന്റെ മനസ്സിൽ മഴ പെയ്യരുതേ എന്ന പ്രാർത്ഥനയാണ്.
മഴ കനത്താൽ കുട ചൂടി വേണം ഈ ഒമ്പതു വയസുകാരനും കുടുംബത്തിനും വീട്ടിൽ കഴിയാൻ. വെസ്റ്റ്‌ഹിൽ ശാന്തിനഗർ കോളനിയിൽ പലകകളും പ്ലാസ്റ്റിക്കും കൊണ്ട് നിർമ്മിച്ച ഷെഡ്ഡിലാണ് ഏഴ് വർഷമായി റുബൈലും മാതാപിതാക്കളായ സാദിഖും മുഹ്‌സീനയും അന്തിയുറങ്ങുന്നത്.
മഴയത്ത് കോളനിയിൽ നിന്നുള്ള മലിനജലവും ഇവിടേക്ക് ഒഴുകിയെത്തും. ഒപ്പം പാമ്പും എലിയുമടക്കമുള്ളവയുടെ ശല്യവും. മഴവെള്ളം ഷെഡ്ഡിൽ നിറഞ്ഞാൽ കട്ടിലിൽ കയറിയിരിക്കും. പുസ്തകങ്ങളും മറ്റും നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറിൽ കെട്ടി കട്ടിലിൽ വയ്‌ക്കുകയാണ് പതിവ്. മാലിന്യം കലർന്ന വെള്ളത്തിൽ ചവിട്ടുന്നതു കാരണം ഇവരുടെ കാലിന് ചർമ്മരോഗവുമുണ്ട്.
ഓട്ടോ തൊഴിലാളിയായ സാദിഖിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. എന്നാൽ ലോക്ക് ഡൗണിൽ കുടുംബത്തിന്റെ വരുമാനം നിലച്ചു. കടം വാങ്ങിയും മറ്റുമാണ് നിത്യച്ചെലവുകൾ നടക്കുന്നത്. ഇളവുകൾ ലഭിച്ച് വീണ്ടും ജോലിയ്ക്ക് പോയിത്തുടങ്ങിയെങ്കിലും വരുമാനം കുറവാണ്. അതുകൊണ്ട് കൂരയ്‌ക്ക് പുതിയ ഷീറ്റ് കെട്ടാനോ അറ്റകുറ്റപ്പണിക്കോ സാധിച്ചിട്ടില്ല.
ടി വിയോ സ്‌മാർട്ട് ഫോണോ ഇല്ലാത്തത് റുബൈൽ സോനുവിന്റെ പഠനത്തെയും ബാധിക്കുന്നുണ്ട്. നിലവിൽ കോളനിയിലെ പ്രതിഭാകേന്ദ്രത്തിലാണ് പഠനം. പരപ്പിൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് റുബൈെൽ. മഴ കനത്തതോടെ ഏതുനിമിഷവും തകരാവുന്ന കൂരയിൽ പേടിയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വീടെന്ന സ്വപ്നവുമായി പല വാതിലുകളിലും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഒരു കുഞ്ഞുവീടിനായി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഈ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |