ന്യൂഡൽഹി: ഹൈദരാബാദിലെ ഭാരത് ബയോടെകും ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും ഐസിഎംആറുമായി ചേർന്ന് വികസിപ്പിച്ച 'കൊവാക്സിൻ' എന്ന കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനായി ഒരുങ്ങുകയാണ്. അതേ സമയം തന്നെ പ്രത്യാശ ഉണർത്തുന്ന മറ്റൊരു വാർത്തയും രാജ്യത്തെ മരുന്ന് ഗവേഷണ രംഗത്ത് നിന്നും വരികയാണ്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ) രണ്ടാമതൊരു വാക്സിനും കൂടി മനുഷ്യരിൽ പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുകയാണ്. അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സൈഡസ് കാഡില എന്ന ഔഷധ കമ്പനി വികസിപ്പിക്കുന്ന കൊവിഡ് വാക്സിനാണ് ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
രാജ്യം കൊവിഡ് രോഗ നിരക്കിൽ റെക്കാഡുകൾ കടക്കുകയാണ് നിലവിൽ. 6,25,544 പേർക്ക് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചു. കഴിഞ്ഞ ഒരു ദിവസം 20,903 പേർക്ക് രോഗമുണ്ടായി. ലോകമാകെ രോഗത്താൽ വിഷമിക്കുമ്പോൾ ഈ രണ്ട് പരീക്ഷണങ്ങളും രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ പ്രത്യാശ സൃഷ്ടിക്കുന്നതാണ്.
രോഗം മൂലമുളള അടിയന്തിര ഘട്ടം മുന്നിൽ കണ്ട് വിദഗ്ധ സമിതിയുടെ സഹായത്തോടെയാണ് അനുമതി നൽകുന്ന പ്രക്രിയ വേഗത്തിൽ പൂർത്തിയായത്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ വളരെ നല്ല ഫലം ലഭിച്ചു വാക്‌സിന്. സുരക്ഷിതമാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് ഡിസിജിഐ അനുമതി ലഭിച്ചത്.
ആദ്യഘട്ടമായി ആയിരം പേരിലാണ് മരുന്ന് പരീക്ഷണം നടത്തുക. മൂന്ന് മാസത്തിനകം രണ്ട് ഘട്ട പരീക്ഷണവും പൂർത്തിയാക്കുമെന്ന് സൈഡസ് കമ്പനി അധികൃതർ അറിയിച്ചു. ഐസിഎംആർ കൊവാക്സിൻ ആഗ്സ്‌റ്ര് 15ന് വിപണിയിലിറക്കുവാനുളള പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ പരീക്ഷണ ഫലം അനുസരിച്ച് മാത്രമാകും വാക്‌സിന്റെ വിപണിയിലെ വരവ്. നിലവിൽ നൂറിലേറെ കമ്പനികൾ കൊവിഡ് വാക്‌സിനു വേണ്ടി ലോകമാകെ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും വിപണിയിൽ ഒന്നും പുറത്തിറങ്ങിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |