തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി കെ.സുധാകരൻ എം.പി. ഇന്ന് സോണിയഗാന്ധി സൂം ആപ്പ് വഴി വിളിച്ചുചേർത്ത കോൺഗ്രസ് എം.പിമാരുടെ യോഗത്തിലാണ് കേരളത്തിൽ ആളി കത്തുന്ന സ്വർണക്കടത്ത് വിവാദം കെ.സുധാകരൻ സോണിയ ഗാന്ധിയെ അറിയിച്ചത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ മുഖ്യമന്ത്രിയേയും കേരള സർക്കാരിനേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറിയെ പുറത്താക്കിയിരിക്കുകയാണ് എന്നീ കാര്യങ്ങളാണ് സുധാകരൻ സോണിയഗാന്ധിയെ ധരിപ്പിച്ചത്. പാർലമെന്‍റ് ചേരുന്ന സമയത്ത് ഇക്കാര്യം ശക്തമായി ഉന്നയിക്കണമെന്നും ദേശീയ നേതൃത്വം വിഷയത്തെ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം സോണിയയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ താളം തെറ്റിയിരിക്കുകയാണെന്ന് എം.പിമാർ സോണിയയെ അറിയിച്ചു. തുടക്കത്തിൽ പ്രതിപക്ഷത്തിന്‍റെ സഹായത്തോട് കൂടി നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോയെങ്കിലും പിന്നീട് സർക്കാർ അതിനെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ചെന്നും എം.പിമാർ പറഞ്ഞു. കൊവിഡ് പ്രവർത്തനങ്ങൾ മുഖ്യമന്ത്രി സ്വന്തം നേട്ടമായി മാറ്റാൻ ശ്രമിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഭരണതുടർച്ചയ്ക്കായി സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉപയോഗിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് യോഗത്തിൽ ദേശീയ നേതൃത്വത്തെ അറിയിച്ചു.
പ്രവാസി വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അനുകൂലമായിരുന്നില്ല. ക്വാറന്‍റീൻ സൗകര്യത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ കഴിഞ്ഞില്ല. രോഗികളുടെ എണ്ണം സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിക്കുകയാണെന്നും സമ്പർക്കം വ്യാപിക്കുകയാണെന്നും എം.കെ രാഘവൻ എം.പി യോഗത്തിൽ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി കോൺഗ്രസ് എം.പിമാർ നടത്തിയ പ്രവർത്തനങ്ങൾ, ആത്മനിർഭർ ഭാരത്, റെയിൽവെ ഉൾപ്പെടെയുള്ളവയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം, പെട്രാൾ-ഡീസൽ വിലവർദ്ധനവ് എന്നീ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. പാർലമെന്‍റ് വിർച്വൽ ആയി ചേരുന്നതിനോട് കോൺഗ്രസ് യോജിക്കില്ല. കൊവിഡ് കഴിഞ്ഞ് നേരിട്ട് തന്നെ പാർലമെന്‍റ് കൂടണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കേരളത്തിൽ നിന്ന് രാഹുൽഗാന്ധി, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ,ബെന്നി ബഹനാൻ, കെ.സുധാകരൻ, എം.കെ രാഘവൻ, ആന്‍റോ ആന്‍റണി, ടി.എൻ പ്രതാപൻ, രമ്യാഹരിദാസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |