തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന വൻ നിക്ഷേപത്തിൽ നിന്ന് ആർക്കൊക്കെ പണം കൈമാറി എന്നത് സംബന്ധിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായ അന്വേഷണം തുടങ്ങി. ലോക്കറിൽ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം സ്വപ്‌നയുടെ നിർദ്ദേശപ്രകാരം പലപ്പോഴായി പലർക്കും എടുത്തു നൽകിയതായി ചാർട്ടേർഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ തേടുന്നതിനായി ചാർട്ടേർഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് സ്വപ്‌നയും ചാർട്ടേഡ് അക്കൗണ്ടന്റും സംയുക്തമായി ലോക്കർ എടുത്തത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണം കൈമാറിയത് ആർക്കെല്ലാമാണെന്നതിൽ വ്യക്തത വരുമെന്നാണ് ഇ.ഡിയുടെ നിഗമനം.ഇതിലൂടെ ലോക്കറിലുണ്ടായിരുന്ന പണം ആരുടേതാണെന്ന് കണ്ടെത്താനാകുമെന്നും എൻഫോഴ്സ്‌മെന്റ് കണക്കുകൂട്ടുന്നു. സ്വപ്‌ന മറ്റാരുടെയോ ബിനാമിയാണെന്ന് നേരത്തെ തന്നെ ഇ.ഡി സംശയിക്കുന്നുണ്ട്. തനിക്ക് ഒരിടത്തും നിക്ഷേപമില്ലെന്നും ജോലി ചെയ്തുകിട്ടിയ ശമ്പളമെല്ലാം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിന് ചെലവിടുകയായിരുന്നെന്നാണ് സ്വപ്‌ന നേരത്തെ എൻ.ഐ.എയ്ക്ക് നൽകിയ മൊഴി. ഇതിലെ സത്യാവസ്ഥയാണ് ഇ.ഡി തേടുന്നത്. സ്വർണക്കടത്ത് പുറത്തുവന്നതിന് പിന്നാലെ ബംഗളൂരുവിലെ ഒളിത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ചാനലുകൾക്ക് നൽകിയ ശബ്ദരേഖയിലും ഇക്കാര്യം സ്വപ്‌ന പറഞ്ഞിരുന്നു.
രണ്ട് തവണയായി 4.25 കോടി കമ്മിഷൻ വാങ്ങി
സംസ്ഥാന സർക്കാരുമായി ചേർന്ന് വടക്കാഞ്ചേരിയിൽ നടത്തുന്ന ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് രണ്ട് തവണയായി സ്വപ്‌നയും കൂട്ടരും ചേർന്ന് 4.25 കോടി കമ്മിഷൻ വാങ്ങിയെന്ന് പദ്ധതി നടത്തിപ്പുകാരായ യൂണിടാക് പ്രതിനിധികൾ എൻ.ഐ.എയ്ക്ക് മൊഴി നൽകി. സ്വപ്‌നയെ കൂടാതെ കേസിലെ ഒന്നാം പ്രതി സരിത്ത്, നാലാംപ്രതി സന്ദീപ് എന്നിവർ ചേർന്ന് ആറ് ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്. സ്വപ്‌നയുടെ നിർദ്ദേശപ്രകാരം 55 ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും കമ്പനി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |