ആദ്യം അർബുദം, പിന്നെ കമലഹാസനുമായുള്ള വേർപിരിയൽ...
എന്നാൽ ഇതിനൊന്നും ഗൗതമിയെ തോല്പിക്കാനായില്ല
സുബ്ബൂൂൂൂ....
ചെന്നൈ ഇന്റർനാഷണൽ സ്കൂളിൽ അദ്ധ്യാപകരും കൂട്ടുകാരും ഇങ്ങനെ നീട്ടി വിളിക്കും. ഈ വിളി വീട്ടിലൊന്ന് മുഴങ്ങണമെന്ന് സുബ്ബലക്ഷ്മി വെറുതേ സ്വപ്നം കാണാറുണ്ട്. എന്നാൽ അമ്മയുടെ വായിൽനിന്ന് സുബ്ബലക്ഷ്മിയെ വരൂ.അപ്പോൾ മകൾ പറയും അമ്മാ, ഒരൊറ്റ തവണ. പ്ളീസ്...
ജനിക്കാൻ പോകുന്ന കുഞ്ഞ് പെണ്ണായിരിക്കുമെന്ന് ഒരു ദിവസം രാവിലെ കടവുൾ അമ്മയോട് പറഞ്ഞു. കുഞ്ഞിന് അമ്മ തന്നെ പേരിട്ടു. സുബ്ബലക്ഷ്മി . അഴകാന പേര്. സ്കൂളിൽ സുബ്ബു ഒന്നാംതരം പഠിപ്പിസ്റ്റ്.ആലപ്പുഴ എടത്വയ്ക്കടുത്ത് മങ്കോട്ട് പമ്പാനദിയിൽ തോണി തുഴഞ്ഞ് സുബ്ബലക്ഷ്മിയുടെ അമ്മ ഗൗതമി ശേഷം കഥ പറയും.
''എട്ടു വയസു വരെ സുബ്ബലക്ഷ്മിക്ക് അമ്മ ആരാണെന്ന് അറിയില്ലായിരുന്നു. പിന്നെ കേട്ടു അമ്മ സിനിമാതാരമാന്ന്. അതു കഴിഞ്ഞ് അറിഞ്ഞു അമ്മയുടെ മൂല്യം.സിനിമയിൽ നിന്ന് ഇടവേളയെടുത്തതും പതിനാറു വർഷം കഴിഞ്ഞ് മടങ്ങി വന്നതും എന്റെ മാത്രം തീരുമാനമായിരുന്നു. എന്നാൽ ഈ മടങ്ങി വരവിന് കാരണം മകൾതന്നെ. നടി, അവതാരക, സാമൂഹ്യ പ്രവർത്തക തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.എന്നാൽ ഏറ്റവും പ്രാധാന്യം നൽകുന്നത് അമ്മയുടെ റോളിനാണ്.അതിനു മുകളിൽ വരില്ല ഒരു ഇമേജും. മകളുടെ ആവശ്യങ്ങൾക്ക് ഏറെ മുൻതൂക്കം നൽകുന്നു. കുട്ടിയായിരുന്നപ്പോഴും വളർന്നപ്പോഴും അവൾക്ക് ആവശ്യം എന്നിലെ നടിയെയായിരുന്നില്ല. മറിച്ച് അമ്മയെയായിരുന്നു. എട്ടു വയസുവരെ അവൾക്കൊപ്പം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞില്ല. സിനിമയുടെ തിരക്കുകൾ, യാത്രകൾ.
പിന്നെ അതിൽ മുഴുകിയുള്ള ജീവിതം. ഇപ്പോൾ മകളെക്കുറിച്ച് മാത്രമാണ് ചിന്ത.പക്ഷേ മകൾ പറഞ്ഞു. അമ്മ അഭിനയിക്കണം. പാപനാസത്തിലും വിസ്മയത്തിലും അഭിനയിച്ചു. കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇ "സിനിമയിൽ അഭിനയിച്ച് മലയാളത്തിലേക്കും വരികയാണ്. ""
അപ്പോൾ ഒാർമകൾ വണ്ടിപ്പെരിയാറിലെ ആർ. ബി ടീ എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നു പോയി. അവിടെ എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്ടർമാരായ ശേഷഗിരി റാവുവിനും വസുന്ധരാദേവിക്കും രണ്ടു മക്കൾ.കുട്ടിക്കാനം സെന്റ് പയസ് സ്കൂളിൽ രണ്ടാം ക്ളാസിൽ പഠിക്കുന്ന കൊച്ചു ഗൗതമി. നാലാം ക്ളാസിൽ പഠിക്കുന്ന അവളുടെ അണ്ണൻ.
''മകൾക്ക് അഞ്ചു വയസുള്ളപ്പോഴാണ് എനിക്ക് അർബുദം ബാധിച്ചത്. ആദ്യം വേണ്ടത് കരുത്ത്. പിന്നെ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള നല്ല മനസ്. രണ്ടും അദ്ഭുതം പോലെ സംഭവിച്ചു. സ്നേഹമുള്ളവരുടെ പിന്തുണ എന്നെ ജീവിതത്തിലേക്ക് മടങ്ങി വരാൻ പ്രേരിപ്പിച്ചു. ഒരു ചെറിയ കുട്ടി എന്ന നിലയിലല്ല, മറിച്ച് ആത്മധൈര്യമുള്ള വ്യക്തിയെന്ന നിലയിലാണ് മകളെ വളർത്തിയത്. ഒാരോ ചുവടിലും അവൾ എനിക്കൊപ്പം നിന്നു. നന്നേ ചെറുപ്പത്തിൽ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുവന്നതുകൊണ്ടുതന്നെ ആരോഗ്യത്തെക്കുറിച്ചും ജീവിത രീതിയെക്കുറിച്ചും അവൾക്ക് നല്ല അറിവുണ്ട്. അഭിനയം കരിയറാക്കണമെന്ന് സ്വപ്നം കണ്ടില്ല. എന്നാൽ സിനിമ തിരഞ്ഞെടുത്തു. ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും നല്ല തീരുമാനം. എന്റെ തീരുമാനത്തിന് പിന്തുണ നൽകി വീട്ടുകാർ.
മക്കളുടെ വ്യക്തിത്വങ്ങൾ തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയണം.അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം. മക്കളുടെ താത്പര്യം , ഇഷ്ടം എല്ലാത്തിനും പരിഗണന നൽകണം. ജനിച്ച നിമിഷം മുതൽ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് മകളാണ്.
എന്റെ എല്ലാ തീരുമാനങ്ങളും അവളെ ചുറ്റിപ്പറ്റിയുള്ളതാണ്. ഞാൻ ഞാനാണ്. മകൾ മകളും. എന്നെപ്പോലെയാകാൻ അവൾക്ക് കഴിയില്ല. അവളെപ്പോലെയാകാൻ എനിക്കും. മക്കൾ ഡോക്ടറോ എൻജിനിയറോ ആയിത്തീരാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ.
എന്നാൽ അവർ എത്തുന്നത് മറ്റൊരു മേഖലയിലും. നമ്മളിൽ നടക്കാതെ പോയ ആഗ്രഹങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കരുത്. അതിനുള്ള ഉപകരണമല്ല അവർ. ഡോക്ടർമാരായ അച്ഛന്റെയും അമ്മയുടെയും മകളായ ഞാൻ എത്തിയത് വെള്ളിത്തിരയിൽ.""
വർഷം 1987.ഗുരുശിഷ്യൻ തമിഴ് സിനിമ തിയേറ്ററിൽ എത്തി. സ്റ്റെൽ മന്നൻ രജനികാന്തിന്റെ നായികയായി ഗൗതമിയുടെ അരങ്ങേറ്റം.തെലുങ്കിലും കന്നടയിലും അഭിനയിച്ചശേഷമാണ് തമിഴകത്ത് വന്നത്.120ലധികം സിനിമകളിൽ എത്തി അഭിനയ ജീവിതം. ഇനിയും കാത്തിരിക്കുന്നുണ്ട് കഥാപാത്രങ്ങൾ. അഞ്ചു ഭാഷകളിൽ അഭിനയിച്ചിട്ടും തന്റെ മൂന്നോ നാലോ സിനിമ മാത്രം കണ്ട പ്രേക്ഷകയെ സുബ്ബലക്ഷ്മി എന്നു ഗൗതമി വിളിക്കും. ജന്മം നൽകിയ ആന്ധ്രയെക്കാൾ, ജീവിക്കുന്ന ചെന്നൈ നഗരത്തെക്കാൾ ഇഷ്ട ക്കൂടുതലുണ്ട് മലയാളത്തോട്.അന്നും ഇന്നും അയലത്തെ വീട്ടമ്മയുടെ ഇമേജ്.