കൊച്ചി: സംസ്ഥാന സാക്ഷരതമിഷനു കീഴിലെ രണ്ടായിരത്തോളം പ്രേരക്മാരുടെ ഓണക്കാലം വറുതിയുടേതായി. സംസ്ഥാന - ജില്ലാ മേധാവികളും ഓഫീസ് ജീവനക്കാരും ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി സുഭിക്ഷമായി ഓണമുണ്ടപ്പോൾ വെയിലും മഴയും കൊണ്ട് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പ്രേരക്മാർക്ക് കുടിശിക പോലും നൽകിയില്ല.
മാർച്ചു മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൊവിഡ് ലഘൂകരണ പ്രവർത്തനങ്ങളിലായിരുന്ന പ്രേരക്മാർക്ക് ജൂൺ, ജൂലായ് മാസങ്ങളിലെ വേതനം കുടിശികയാണ്. ഒരുമാസത്തെ വേതനമെങ്കിലും ഓണത്തിന് മുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. കാത്തിരിപ്പിന് കരുത്തേകാൻ ആഗസ്റ്റ് 27ന് സംസ്ഥാന ഡയറക്ടറുടെ ഉത്തരവും ഇറങ്ങി. അതിന്റെ പകർപ്പ് വാട്സ് ആപ്പിൽ വന്നതോടെ പ്രതീക്ഷയും വർദ്ധിച്ചു.
രണ്ടുദിവസം കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണമെത്തിയില്ല. ചെക്ക് ബാങ്കിൽ കൊടുത്തിട്ടുണ്ടെന്നും തിരക്ക് കാരണമാണ് ഫണ്ട് ട്രാൻസ്ഫർ വൈകുന്നതെന്നും വാട്സ് ആപ്പ് ശബ്ദസന്ദേശം നൽകി ജില്ലാ കോ- ഓർഡിനേറ്റർമാരും തലയൂരി. ചോദ്യം ചെയ്യാനോ പ്രതിഷേധിക്കാനോ തുനിഞ്ഞാൽ ജോലി പോകുമെന്ന് ഉറപ്പാണ്.
പ്രേരക്മാരുടെ ആടുജീവിതം
ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് ഇവർക്ക് ജോലി. സാക്ഷരതാ മിഷനും, ജില്ലാ കോ-ഓർഡിനേറ്റർമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന എല്ലാ ജോലിയും കൃത്യമായി ചെയ്യണം. ഏല്പിച്ച ജോലികൾ ചെയ്തുവെന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ പക്കൽനിന്ന് സാക്ഷ്യപത്രം വാങ്ങി ജില്ലാ കോ-ഓർഡിനേറ്റർമാർ വഴി എല്ലാമാസവും 5 ന് മുമ്പ് സംസ്ഥാന സാക്ഷരതാ മിഷനിൽ എത്തിക്കണം. റിപ്പോർട്ട് കിട്ടിയാൽ ഉടൻ കോ- ഓർഡിനേറ്റർമാർക്കും ഓഫീസ് ജീവനക്കാർക്കും ശമ്പളം നൽകും. പണിയെടുത്ത പ്രേരക്മാർക്ക് പരിഗണനയുണ്ടാവില്ല. ആദിവാസി സാക്ഷരത, തീരദേശ സാക്ഷരത, അന്യസംസ്ഥാന തൊഴിലാളികളെ അക്ഷരം പഠിപ്പിക്കൽ, നാലം ക്ലാസ്, ഏഴാം ക്ലാസ്, പത്താംക്ലാസ്, പ്ലസ് ടു തുല്യാത ക്ലാസുകൾ തുടങ്ങി ഭാരിച്ച ജോലികളാണ് പ്രേരക്മാർക്കുള്ളത്. പഞ്ചായത്ത് തലത്തിൽ ജോലി ചെയ്യുന്നവർക്ക് ദിവസം 400 രൂപയും ബ്ളോക്ക് തലത്തിലുള്ളവർക്ക് 500 രൂപയുമാണ് പ്രതിഫലം.
20 വർഷത്തോളമായി ജോലി ചെയ്യുന്ന ബിരുദാനന്തര ബിരുദധാരികൾ വരെ പ്രേരക്മാരായുണ്ട്. ജോലിസ്ഥിരതയെന്ന വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ടവരാണ് ഞങ്ങൾ. ജീവിതം പ്രതിസന്ധിയിലാണ്. സർക്കാർ കനിയണം.
പ്രേരകിന്റെ പ്രതികരണം.