തിരുവനന്തപുരം: സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുതന്നെ ലഭിച്ച ഒരു വിമാനത്താവളത്തെ കാര്യമായി പരിഗണിക്കുന്ന കാര്യത്തിൽ അധികാരികൾ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നു വേണം പറയാൻ. പറഞ്ഞുവരുന്നത് തിരുവനന്തപുരം വിമാനത്താവളത്തെക്കുറിച്ചാണ്. നമ്മുടെ വിമാനത്താവളം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതെങ്ങനെ പരിഹരിക്കാം എന്നുള്ളതാണ് പ്രധാന പ്രശ്നം. വിഴിഞ്ഞം തുറമുഖം, ഉൾനാടൻ ജലപാത, ദേശീയപാത എന്നിവയെല്ലാം പ്രവർത്തനക്ഷമമാകുമ്പോൾ വിപുലീകരിച്ച വിമാനത്താവളവും നമ്മുടെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്.
കണക്ടിവിറ്റി ഇല്ലാത്തതാണ് വളർച്ചയുടെ പ്രധാന പ്രശ്നം. കണക്ടിവിറ്റി കൂടിയാൽ അത് വികസനത്തിന്റെ മറ്റെല്ലാ മേഖലയെയും ഗുണപരമായി ബാധിക്കും. ഒരു വിമാനത്താവളത്തിന്റെ കണക്ടിവിറ്റി 10ശതമാനം വർദ്ധിപ്പിച്ചാൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ അര ശതമാനത്തിന്റെ വളർച്ചയുണ്ടാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
1991ലാണ് തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നത്. മൂന്നു മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തുന്ന യാത്രികൾക്കുള്ള മതിയായ സൗകര്യം ഇവിടെയില്ല. തർക്കം മൂലം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുന്നില്ല. ഇപ്പോഴുള്ള റൺവേയ്ക്ക് പുറമേ പാരലൽ റൺവേ ഉണ്ടാക്കേണ്ടിയിരിക്കുന്നു. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന കൂടുതൽ പാർക്കിംഗ് ബേകൾ വേണം. അന്താരാഷ്ട്ര വിഭാഗത്തിൽ അഞ്ചും ആഭ്യന്തര സർവീസിൽ നാലും ബേകൾ മാത്രമാണുള്ളത്.
ഇനിയും സ്ഥലം വേണം
ടെർമിനൽ വലുതാക്കാൻ 28 ഏക്കറാണ് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടത്. 18 ഏക്കർ തരാമെന്ന് സർക്കാർ പറഞ്ഞെങ്കിലും അക്വിസിഷൻ നടപടികളായില്ല. 91 ൽ അന്താരാഷ്ട്ര വിമാനത്താവളമായ ഉടൻ എയർപോർട്ട് അതോറിട്ടി 400 ഏക്കർ ഭൂമി ഏറ്റെടുത്ത് തരാനാവശ്യപ്പെട്ട് പണം കെട്ടിയിരുന്നു. എന്നാൽ സ്ഥലം നൽകാതെ പകരം പണം തിരികെ കൊടുത്തു. അതിനിടെ ഒരു 18 ഏക്കർ കിട്ടി. 2011ലെ പുതിയ അന്താരാഷ്ട്ര ടെർമിനലിലായി 32.5 ഏക്കറാണ് സംസ്ഥാന സർക്കാർ ചാക്ക ഭാഗത്ത് അക്വയർ ചെയ്തു നൽകിയത്. അതേസമയം ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ കൊച്ചിക്കും കണ്ണൂരിനും ഒരു നയം, തിരുവനന്തപുരത്തോടെ മറ്റൊരു നയം എന്ന ആരോപണവുമുയരുന്നുണ്ട്.
യൂസേഴ്സ് ഫീയും അധികം
അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബം ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് വരുന്നതിനെക്കാൾ പതിനായിരം രൂപ കുറവിൽ കൊച്ചിയിലെത്താം. 3000 രൂപ മുടക്കിയാൽ അവിടെ നിന്ന് കാറിൽ തിരുവനന്തപുരത്തെത്താം.ബാക്കി 7000 രൂപ ലാഭം. ഇക്കാരണത്താൽ പല യാത്രക്കാരും തിരുവനന്തപുരത്തെ കൈവിടുകയാണ്. വന്ദേഭാരത് മിഷനിൽ ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലിറങ്ങി തിരുവനന്തപുരത്തേക്ക് വന്നവരുമുണ്ട്.
എതിർപ്പിൽ കാര്യമില്ല
2006- 07 ഡൽഹി, മുംബയ് വിമാനത്താവളങ്ങൾ പി.പി.പി മാതൃകയിലാക്കി. ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളും സ്വകാര്യപങ്കാളിത്തത്തോടെയയാണ് നടത്തുന്നത്. കൊച്ചി,കണ്ണൂർ വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികൾക്കു കമ്പനികൾക്കും ഭൂരിഭാഗം ഓഹരിയുള്ള സിയാലിനും കിയാലിനുമാണ്. തിരുവനന്തപുരം വിമാനത്താവളം കെ.എസ്.ഐ.ഡി.സിക്ക് കിട്ടിയാലും സ്വകാര്യ കമ്പനികൾക്ക് ഭൂരിഭാഗം ഓഹരികളുള്ള ടിയാലിനായിരുന്നു അത് ലഭിക്കുക.
നടപടി സ്വാഗതാർഹം
സ്വകാര്യ കമ്പനിക്ക് 50 വർഷത്തേക്ക് നടത്തിപ്പ് കൈമാറിയ കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹം. കൊവിഡ് കഴിയുന്നതോടെ തിരുവനന്തപുരത്തിന് കൂടുതൽ കുതിക്കാനാകും. - ജി.വിജയരാഘവൻ