കോഴിക്കോട്: സ്വർണക്കടത്ത് സംഘത്തിന് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ കിഡ്സൺ കോർണറിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരുവിൽ പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണി അനൂപ് മുഹമ്മദ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ബിനാമി പാർട്ണറാണ്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ നിരവധി തവണ ബിനീഷ് ബന്ധപ്പെട്ടിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു. മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, കെ.പി. പ്രകാശ് ബാബു, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ടി. ബാലസോമൻ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ എന്നിവർ പങ്കെടുത്തു.