കൊല്ലം: ഭരണത്തിലും ഉദ്യോഗത്തിലും സമുദായത്തിന് അർഹമായ പങ്കാളിത്തം തേടി പതിറ്റാണ്ടുകൾക്ക് മുൻപ് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ അധികാരികൾക്ക് സമർപ്പിച്ച ഈഴവ മെമ്മോറിയലിന്റെ പ്രസക്തി കാലം ചെല്ലുന്തോറും വർദ്ധിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഈഴവ മെമ്മോറിയലിന്റെ ശതോത്തര രജതജൂബിലി പ്രമാണിച്ച് ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ഗുരുവന്ദനവും വിദ്യാഭ്യാസ അവാർഡ് ദാനവും വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടി ദാഹിക്കുന്ന അവശ വിഭാഗങ്ങളുടെ പോരാട്ടത്തിന്റെ തുടക്കമായിരുന്നു ഈഴവ മെമ്മോറിയൽ. ഈഴവരെന്ന് പറയാനുള്ള തന്റേടം ആർക്കുമില്ലാതിരുന്ന കാലത്താണ് ഡോ. പല്പു മെമ്മോറാണ്ടം നൽകിയത്. ജനാധിപത്യം വന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പങ്കാളിത്തം ലഭിച്ചിട്ടുണ്ടോ?. മതശക്തികൾ രാഷ്ട്രീയമായി സംഘടിച്ചപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം തലപൊക്കി. പക്ഷേ ഈഴവ സമുദായത്തിന് വോട്ട് ബാങ്കാവാൻ കഴിഞ്ഞില്ല. പണ്ട് പ്രജാസഭയിലുണ്ടായിരുന്ന പ്രാതിനിദ്ധ്യം ഇന്ന് നിയമസഭയിൽ ഈഴവർക്കുണ്ടോയെന്ന് ചിന്തിക്കണം. ചില കുലംകുത്തികൾ സമുദായത്തിന്റെ മുന്നേറ്റത്തെ തകർക്കാൻ ശ്രമിക്കുന്നു. ഗുരുദേവ പ്രസ്ഥാനങ്ങൾക്കും, സമുദായത്തിന്റെ അവകാശങ്ങൾക്കും വേണ്ടി ഒരക്ഷരം മിണ്ടാത്തവരാണിവർ.
ഇടതുപക്ഷം ഗുരുവിനെ മറന്നു
നമ്മുടെ ശക്തിയും കഴിവും ഇടതുപക്ഷ പ്രസ്ഥാനത്തിന് ഓർമ്മയുണ്ടായിരുന്നെങ്കിൽ ചതയദിനത്തിൽ അവർ കരിദിനമാചരിക്കുമായിരുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അവരുടെ ഓർമ്മയിൽ ഗുരുവും നമ്മളുമില്ലാതെ പോയി. ഗുരുദേവൻ ഉഴുത് മറിച്ച മണ്ണിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളർന്നതെന്ന് പറയുന്നവർ തന്നെ, ഗുരുദേവ ജയന്തി മറന്നുപോയി. അതവരുടെ കുറവല്ല. നമ്മുടെ കുറവാണ്. സാമൂഹ്യമായി സംഘടിച്ചാലേ രാഷ്ട്രീയ പാർട്ടികൾ നമ്മളെ പരിഗണിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എംപ്ലോയീസ് ഫോറം സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ അദ്ധ്യക്ഷനായി. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, എസ്.എൻ ട്രസ്റ്റ് കൊല്ലം റീജിയണൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ അനിൽ മുത്തോടം, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി ഡോ. വി. ശ്രീകുമാർ, പെൻഷണേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, ട്രഷറർ ഡോ. ആർ. ബോസ്, എപ്ലോയീസ് ഫോറം കൊല്ലം യൂണിയൻ പ്രസിഡന്റ് വി. ശ്രീകുമാർ, സെക്രട്ടറി ഡോ. എസ്. വിഷ്ണു, ട്രഷറർ കെ. ഗോപകുമാർ, സുചിത്ര, കെ.ആർ. രാജേഷ്, അഭിലാഷ്, പെൻഷണേഴ്സ് കൗൺസിൽ കൊല്ലം യൂണിയൻ പ്രഡിഡന്റ് പ്രൊഫ. പി.ആർ. ജയചന്ദ്രൻ, സെക്രട്ടറി ഡോ. എം.എൻ. ദയാനന്ദൻ, ഡോ. പ്രഭാവതി പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ സ്വാഗതവും പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് ജി. ചന്തു നന്ദിയും പറഞ്ഞു.