നേഷൻസ് ലീഗ്: അവസാന നിമിഷം നേടിയ ഗോളിൽ ജർമ്മനിയെ സമനിലയിൽ പിടിച്ച് സ്പെയിൻ
ബെർലിൻ: യൂവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഗ്ലാമർ പോരാട്ടത്തിൽ കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ നേടിയ ഗോളിൽ ജർമ്മനിയെ സമനിലയിൽ പിടിച്ച് സ്പെയിൻ. ഗ്രൂപ്പ് എയിലെ മത്സരത്തിൽ തോൽവി പ്രതീക്ഷിച്ചിരിക്കെ ജോസ് ലൂയിസ് ഗയയാണ് സ്പെയിനിനെ തോൽവിയിൽ നിന്ന് രക്ഷിച്ച ഗോൾ നേടിയത്. നേരത്തേ രണ്ടാം പകുതിയുടെ 51-ാം മിനിട്ടിൽ തിമോ വെർണറാണ് ജർമ്മനിക്കായി ലക്ഷ്യം കണ്ടത്.
സ്റ്റുഗാർട്ടിന്റെ ഹോം ഗ്രൗണ്ടായ മേഴ്സിഡസ് ബെൻസ് അരീനയിൽ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി ആറ് മിനിട്ടിനുള്ളിൽ തന്നെ വെർണർ ജർമ്മനിക്ക് ലീഡ് നേടിക്കൊടുത്തു. ജർമ്മനിക്കായി കന്നി മത്സരത്തിനിറങ്ങിയ അറ്റ്ലാന്റ ലെഫ്റ്റ് ബാക്ക് റോബിൻ ഗോസൻസിന്റെ പാസിൽ നിന്നായിരുന്നു വെർണറുടെ ഗോൾ പിറന്നത്.
ഒരു ഗോൾ വീണതോടെ കളി വേഗത്തിലാക്കിയ സ്പെയിനായി തൊണ്ണൂറാം മിനിട്ടിൽ ഹെഡ്ഡറിലൂടെ അൻസു ഫാറ്റി വലചലിപ്പിച്ചെങ്കിലും പന്ത് വലയിലെത്തുന്നതിന് മുൻപ് റാമോസ് ജർമ്മൻ ഡിഫൻഡർ മത്തിയാസ് ജിൻഡറിനെ വീഴ്ത്തിയതിന് റഫറി ഫൗൾ വിളിച്ചിരുന്നു.
ഒടുവിൽ ഇഞ്ച്വറി ടൈമിൽ ജോസ് ഗയ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ സ്പെയിനിന് സമനില സമ്മാനിക്കുകയായിരുന്നു. ഫെറാൻ ടോറസന്റെ ക്രോസ് റോഡ്രിഗോ മൊറേനൊ തലകൊണ്ട് വലയിലേക്ക് തിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും പന്ത് നേരെ ചെന്നത് ഗോൾ പോസ്റ്രിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഗയയുടെ കാലിലേക്ക്. നിലംതൊടും മുമ്പെ ഗയ ഇടങ്കാൽ കൊണ്ട് പന്ത് വലയ്ക്കകത്താക്കുകയായിരുന്നു. ലീഗ് എ ഗ്രൂപ്പ് 4ലെ മറ്റൊരു മത്സരത്തിൽ ഉക്രൈൻ 2-1ന് സ്വിറ്ര്സർലൻഡിനെ കീഴടക്കി. ഉക്രൈനാണ് ഒന്നാം സ്ഥാനത്ത്.
ലീഗ് ബി ഗ്രൂപ്പ് 4 ലെ മത്സരത്തിൽ വേൽസ് 1-0ത്തിന് ഫിൻലൻഡിനെയും ഗ്രൂപ്പ് ജിയിൽ റഷ്യ 3-1ന് സെർബിയയേയും കീഴടക്കി.