ന്യൂഡൽഹി :പടികൾ കയറാനാവാതെ കളക്ട്രേറ്റിന്റെ വരാന്തയിൽ ഇരുന്നുപോയ വയോധികയെ കാണാൻ ഫയലുകളുമായി ജില്ലാ കളക്ടർ പടികളിറങ്ങി. വൃദ്ധയുടെ പരാതി കേട്ടശേഷം ഉടൻ പ്രശ്‌നം തീർപ്പാക്കുകയും ചെയ്തു. തെലങ്കാനയിലെ ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലാണ് സംഭവം. അബ്ദുൽ അസീമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ ആ ജില്ലാ കളക്ടർ.
ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് കലക്ട്രേറ്റിലെത്തിയ സ്ത്രീ, പ്രായത്തിന്റേതായ അവശതകൾ കാരണം പടികൾ കയറാനാവാതെ നിലത്തിരിക്കുകയായിരുന്നു. ക്ലർക്ക് പറഞ്ഞ് വിവരമറിഞ്ഞ കളക്ടർ ഒട്ടും താമസിക്കാതെ ഫയലുകളുമായി താഴെ ഇറങ്ങിവന്ന് വൃദ്ധയ്ക്ക് സമീപമിരുന്നു. രണ്ട് വർഷമായുള്ള പ്രശ്‌നം തീർപ്പാക്കുകയും ചെയ്തു.
അബ്ദുൽ അസീമിന്റെ മനുഷ്യത്വവും സഹജീവി സ്‌നേഹവും സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ പ്രകീർത്തിക്കപ്പെട്ടു. എന്നാൽ കോടതിയുടെ പടികളിറങ്ങി വന്ന് ജില്ലാ ജഡ്ജി വൃദ്ധയുടെ പരാതി തീർപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിൽ വൈറലായത്. സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ളവർ ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ജില്ലാ ജഡ്ജി അബ്ദുൽ അസീം കോടതി മുറിക്കുള്ളിൽ നിന്ന് താഴെയിറങ്ങി നിലത്തിരുന്ന് വൃദ്ധയുടെ പരാതി പരിഹരിച്ചു എന്നാണ് കട്ജു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. 'ഇന്ത്യയിൽ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു' എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ ചിത്രത്തിലുള്ളത് ജില്ലാ ജഡ്ജിയല്ല, മറിച്ച് ജില്ലാകളക്ടറാണ്.