ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് വാക്സിൻ പരീക്ഷിച്ചയാൾക്ക് അസ്വസ്ഥതയും സുഖമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്ന് അസ്ട്രസെനെകയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിറുത്തി വച്ചു.
മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് അജ്ഞാത അസുഖം പിടിപ്പെട്ടതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്ത് കൊവിഡ് പരീക്ഷണങ്ങളിൽ ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വാക്സിനാണ് ഓക്സ്ഫോർഡ്- അസ്ട്രാസെനെകയുടേത്. ഈ വർഷം അവസാനത്തോടെയോ, അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇതിനിടയിലാണ് 'താത്കാലിക' തിരിച്ചടിയുണ്ടായത്.
സന്നദ്ധപ്രവർത്തകന് ബാധിച്ച അസുഖത്തിന്റെ സ്വഭാവവും എപ്പോഴാണ് രോഗബാധിതനായതെന്നുമുൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
ജൂലായ് 20നാണ് ഓക്സ്ഫോഡ് സർവകലാശാല കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ അവസാനഘട്ട പരീക്ഷണത്തോട് സഹകരിച്ച് വരികയാണ്. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയകരമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ആഗസ്റ്റ് അവസാനത്തോടെ അസ്ട്രസെനക മൂന്നാം ഘട്ട പരീക്ഷണം അമേരിക്കയിൽ ആരംഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള 62 സ്ഥലങ്ങളിൽ പരീക്ഷണം നടക്കുന്നുണ്ട്. അമേരിക്കയ്ക്ക് പുറമെ, ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും 30,000 ത്തോളം പേർ പങ്കെടുത്തു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ ആയിരക്കണക്കിനുപേരാണ് പങ്കാളികളാകുക. പരീക്ഷണം വർഷങ്ങളോളം നീണ്ടുനിൽക്കും.
ഗുരുതരമായ പ്രതികൂല പ്രതികരണങ്ങൾ, ആശുപത്രിയിൽ പ്രവേശനം ആവശ്യമായ ലക്ഷണങ്ങൾ, ജീവൻ അപകടപ്പെടുത്തുന്ന രോഗം, മരണം എന്നിങ്ങനെ വ്യത്യസ്ത പ്രതികൂല പ്രതികരണങ്ങളുണ്ട്. ഏത് ക്ലിനിക്കൽ പരീക്ഷണത്തിലാണ് പ്രതികൂല പ്രതികരണം ഉണ്ടായതെന്ന് പെട്ടെന്ന് വ്യക്തമല്ല.
ചരിത്രപരമായ പ്രതിജ്ഞ
ചൊവ്വാഴ്ച, ഒൻപത് കൊവിഡ് വാക്സിൻ ഡവലപ്പർമാരുടെ ഒരു സംഘം വാക്സിൻ പരീക്ഷണത്തിന് ശാസ്ത്രീയവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്ന ‘ചരിത്രപരമായ പ്രതിജ്ഞ’ എടുത്തിരുന്നു. പ്രതിരോധ കുത്തിവയ്പ് നൽകിയ വ്യക്തികളുടെ സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും തങ്ങളുടെ മുൻഗണനയാക്കുമെന്ന് പ്രതിജ്ഞയിൽ പറയുന്നു. ക്ലിനിക്കൽ പഠനത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെ വാക്സിൻ പരീക്ഷണം കടന്നുപോയതിനുശേഷം മാത്രമേ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കുകയുള്ളൂ എന്ന പ്രതിജ്ഞയിൽ ഒപ്പുവച്ച 9 സ്ഥാപനങ്ങളിൽ അസ്ട്രസെനെകയും ഉൾപ്പെടുന്നു. വ്യവസായ ഭീമന്മാരായ ജോൺസൺ ആൻഡ് ജോൺസൺ, ബയോടെക്, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ, ഫൈസർ, മെർക്ക്, മോഡേണ, സനോഫി, നോവവാക്സ് എന്നിവയാണ് മറ്റു സ്ഥാപനങ്ങൾ.
'വലിയ പരീക്ഷണങ്ങളിൽ രോഗങ്ങൾ ആകസ്മികമായി സംഭവിക്കുമെങ്കിലും ഇത് ശ്രദ്ധാപൂർവം പരിശോധിക്കുകയും സ്വതന്ത്രമായി അവലോകനം ചെയ്യേണ്ടതുമുണ്ട്.'
- അസ്ട്രാസെനെക വക്താവ്