കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവാർഡ് തിളക്കം. വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡാണ് സ്കൂളിനെ തേടിയെത്തിയത്. പ്രിസം പദ്ധതിയുടെ ഭാഗമായി 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് നൂതനമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയും ചെയ്തതിന്റെ മികവിലാണ് അവാർഡ് നേട്ടം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്കൂളിൽ ഒരേസമയം 21 പുതിയ ഡിവിഷനുകൾ അനുവദിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രണ്ടുതവണയും താങ്ങായി. സാമൂഹിക പങ്കാളിത്തത്തോടെയുള്ള സ്കൂൾ ശുചീകരണം, യൂണിഫോം പരിഷ്ക്കരണം, കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കാൻ വീട്ടിലൊരു ലൈബ്രറി പദ്ധതി, ഓൺലൈൻ പഠനത്തിന് ഫോൺ, ടി.വി ലഭ്യമാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കാണ് വിദ്യാലയ വികസന സമിതി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, എം.പി.ടി.എ, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് എന്നിവയെ ഏകോപിപ്പിച്ച് പി.ടി.എ നേതൃത്വം നൽകിയത്. അഡ്വ. ജംഷീർ പ്രസിഡന്റും പ്രധാനാദ്ധ്യാപകൻ കെ.കെ.ഖാലിദ് സെക്രട്ടറിയുമാണ്.