ന്യൂഡൽഹി: കൊവിഡ് ബാധിതനാണെന്നും ജീവൻ നഷ്ടപ്പെടുമെന്നും ഭാര്യയോടും വീട്ടുകാരോടും പറഞ്ഞ് കാമുകിയോടൊപ്പം മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. നവി മുംബൈയിലാണ് സംഭവം. ജൂൺ 24നാണ് മനീഷ് മിശ്രയെ കാണാതായത്. തനിക്ക് കൊവിഡാണെന്നും ജീവൻ തിരിച്ച് കിട്ടില്ലെന്നും ഭാര്യയെും വീട്ടുകാരെയും ഫോണിൽ വിളിച്ച് പറഞ്ഞ ശേഷം ഇയാൾ മൊബൈൽ സ്വിച്ച് ഒഫ് ആക്കുകയായിരുന്നു. അന്നും പിറ്റേന്നും വീട്ടിൽ തിരിച്ചെത്താതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മനീഷിനെ കണ്ടുപിടിക്കാനായി പൊലീസ് ഒരു അന്വേഷണ സംഘം രൂപവത്ക്കരിച്ചു.
വാഷിയിൽ വച്ചാണ് ഫോൺ സ്വിച്ച് ഒഫ് ചെയ്തതെന്ന് സംഘത്തിന് മനസിലാക്കാൻ കഴിഞ്ഞു. അവിടെ നിന്നും മോട്ടോർ സൈക്കിളും താക്കോലും ഹെൽമെറ്റും ബാഗും കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയത്തെ തുടർന്ന് വാഷി നദിയിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തെരച്ചിലും നടത്തിയിരുന്നു.
നഗരത്തിലെ ഹൈവേകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം. മനീഷിന്റെ ഫോട്ടോ മറ്റ് സംസ്ഥാനങ്ങളിലേക്കും നൽകി അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കവെയാണ് എയ്റോളിയിലെ ഒരു ചെക്ക് പോയിന്റിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇയാൾ ഒരു സ്ത്രീയുമായി കാറിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തി. ഇൻഡോറിൽ കാമുകിയോടൊത്ത് താമസിക്കുന്നുണ്ടെന്ന് മനസിലാക്കിയ പൊലീസ് മനീഷിനെ കൈയോടെ പിടികൂടി നവി മുംബൈയിലെത്തിക്കുകയായിരുന്നു.
മനീഷ് ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു, അതിനാൽ ഞങ്ങൾ അന്വേഷണം തുടർന്നു
അന്വേഷണ ഉദ്യോഗസ്ഥൻ