ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയ്ക്ക് നാടകീയ ജയം, പരമ്പര
മാക്സ്വെല്ലിനും കാരെയ്ക്കും സെഞ്ച്വറി
മാഞ്ചസ്റ്റർ: തോൽവിയുടെ വക്കത്ത് നിന്ന് ഗ്ലെൻ മാക്സ്വെലിന്റെയും അലക്സ് കാരെയുടേയും സെഞ്ച്വറി ഇന്നിംഗ്സുകളുടെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ആസ്ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ നാടകീയ ജയവും പരമ്പരയും. ആദ്യം ബാറ്റ്ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എന്ന ഭേദപ്പെട്ട സ്കോർ നേടി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ രണ്ട് പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (305/7). ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ആസ്ട്രേലിയ 2-1ന് ജയിച്ചു.
ഇംഗ്ലണ്ടുയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കംഗാരുക്കൾ ഒരുഘട്ടത്തിൽ 73/5 എന്ന നിലയിൽ തകർന്നിടത്തു നിന്നാണ് മാക്സ്വെല്ലും കാരെയും സെഞ്ച്വറികളുമായി രക്ഷയ്ക്കെത്തിയത്.
90 പന്തുകളിൽ ന്ന് 7 സിക്സും നാലു ഫോറുമടക്കം മാക്സ്വെൽ 108 റൺസെടുത്തു. 114 പന്തുകൾ നേരിട്ട കാരി ഏഴു ഫോറും രണ്ടു സിക്സുമടക്കം 106 റൺസെടുത്തു. ഇംഗ്ലീഷ് ബൗളിംഗിനെ ധീരമായി നേരിട്ട ഇരുവരും ആറാം വിക്കറ്റിൽ 212 റൺസാണ് കൂട്ടിച്ചേർത്തത്. 17ാമത്തെ ഓവറിലെ അഞ്ചാം പന്തിൽ ടീം സ്കോർ 73ൽ ക്രീസിൽ ഒന്നിച്ച ഇവർ 48ാമത്തെ ഓവറിലെ മൂന്നാം പന്തിൽ 285ൽ വച്ചാണ് പിരിയുന്നത്. മാക്സ്വെല്ലിനെ ടോം കറന്റെ കൈയിൽ എത്തിച്ച് ആദിൽ റഷീദാണ് കൂട്ടുകെട്ട് പൊളിച്ചത്. അവാസന ഓവറിൽ ജയിക്കാൻ ആസ്ട്രേലിയക്ക് പത്ത് റൺസായിരുന്നു വേണ്ടത്. ആദിൽ റഷീദെറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ച മിച്ചൽ സ്റ്റാർക്ക് കാര്യങ്ങൾ എളുപ്പമാക്കി. അടുത്ത പന്തിൽ സിംഗിൾ.മൂന്നാം പന്തിൽ കുമ്മിൻസിന്റെ വക സിംഗിൾ. നാലാം പന്തിൽ ഫോറടിച്ച് സ്റ്റാർക്ക് ഓസീസിന്റെ വിജയമുറപ്പിച്ചു.
ഡേവിഡ് വാർണർ (24), ആരോൺ ഫിഞ്ച് (12), മാർക്കസ് സ്റ്റോയിനിസ് (4), മാർനസ് ലബുസ്ചംഗെ (20), മിച്ചൽ മാർഷ് (2) എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയ ശേഷമാണ് ആറാം വിക്കറ്റിൽ മാക്സ്വെല്ലും കാരിയും ഓസീസിന്റെ രക്ഷകരായത്. ഇംഗ്ലണ്ടിനായി റൂട്ടും വോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയാണ് (112) ഇംഗ്ലണ്ട് സ്കോർ 300 കടക്കാൻ പ്രധാന പങ്ക് വഹിച്ചത്. സാം ബില്ലിംഗ്സ് (57), ക്രിസ് വോക്സ് (53) എന്നിവരുടെ ബാറ്റിംഗും നിർണായകമായി. മുൻനിരയിൽ ബെയർസ്റ്റോ ഒഴികെയുള്ളവർ പരാജയമായിരുന്നു. ആസ്ട്രേലിയക്കായി സ്റ്റാർക്കും സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.