ഇരിട്ടി: കേരള-കർണാടക അതിർത്തിയിൽ നിർമ്മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണം 2021ൽ പൂർത്തിയാകും. തലശ്ശേരി -വളവുപാറ റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഏഴു പാലങ്ങളിൽ ഒന്നാണ് കൂട്ടുപുഴ പാലം. മറ്റ് ആറ് പാലങ്ങളുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാകും.
ഇതിൽ ഏറ്റവും വലിയ പാലമായ ഇരിട്ടി പാലത്തിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇരിട്ടി പാലത്തിന്റെ നിർമ്മാണം പൂർത്തിയായതിനു ശേഷം കുട്ടുപുഴ പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കും. ഇരിട്ടി പാലത്തിന്റെ നിർമ്മാണതിന് മുമ്പ് 2017ൽ തുടങ്ങിയതാണ് കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണം. എന്നാൽ കർണാടക വനംവകുപ്പ് തടസപ്പെടുത്തിയതിനെ തുടർന്ന് നിർമ്മാണം പാതിവഴിയിലായി. പാലത്തിന്റെ മറുകര കർണാടക വനഭൂമിയാണെന്ന് അവകാശപ്പെട്ട് കർണാടക വനംവകുപ്പ് നിർമ്മാണത്തിന് ഉടക്കിടുകയായിരുന്നു.
ഒടുവിൽ കഴിഞ്ഞ ഏപ്രിലിൽ നാഷണൽ വൈൽഡ് ലൈഫ് ബോർഡ് അനുമതി നൽകിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. എന്നാൽ അനുമതി ലഭിച്ചിട്ടും കൊവിഡ് നിയന്ത്രണം കാരണം പാലത്തിന്റെ നിർമ്മാണം തുടങ്ങാൻ കരാർ കമ്പനിക്കായില്ല. ഇനിയുള്ള നിർമ്മാണം കർണാടക ഭാഗത്തുള്ള തൂണുകളുടെയും അപ്രോച്ച് റോഡുമാണ്.
പ്രതീക്ഷയോടൊപ്പം ആശങ്കയും
1928ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് പഴയ കൂട്ടുപുഴ പാലം നിർമ്മിച്ചത്. ഈ പാലത്തിൽ നിന്ന് അര കിലോമീറ്റർ മാറിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. അതേസമയം വീണ്ടും പാലം നിർമ്മാണ സമയത്ത് കർണാടകയുടെ ഭാഗത്ത് നിന്ന് തടസമുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. അങ്ങനെ പോയാൽ കൂട്ടുപുഴ പാലം സ്വപ്നമായി അവശേഷിക്കും. കൂടുതൽ കാലം നിർമ്മാണത്തിനു വേണ്ടി കാത്തിരിക്കാൻ കഴിയില്ലെന്ന് നിർമ്മാണ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.