തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള യു.ഡി.എഫ്, ബി.ജെ.പി പ്രക്ഷോഭങ്ങളെ നേരിടാൻ രാഷ്ട്രീയവിശദീകരണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
ഖുറാൻ വിഷയത്തിലടക്കം രാഷ്ട്രീയപ്രതിരോധം തീർക്കും. സർക്കാരിന്റെ വികസനപദ്ധതികൾ വിശദീകരിക്കുന്നതിനൊപ്പം, എൽ.ഡി.എഫിന് തുടർഭരണമുറപ്പായതിലെ ആശങ്കയാണ് പ്രതിപക്ഷത്തിനെന്നും തുറന്ന്കാട്ടും... അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി 23ന് ഏരിയാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മകളിൽ ഇതും പ്രചരണായുധമാക്കും.രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കും.
യു.ഡി.എഫ്- ബി.ജെ.പി പ്രക്ഷോഭം എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനപിന്തുണ കിട്ടാത്തതിനാൽ അക്രമം കാട്ടാൻ അറിയപ്പെടുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്യുകയാണ്. തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഗുണ്ടകളുടെ യോഗം കോൺഗ്രസ് നേതൃത്വത്തിൽ നടന്നു. മന്ത്രിമാർ സഞ്ചരിക്കുന്ന വഴിയിൽപ്പോലും ആക്രമിക്കുകയാണ്. കെ.ടി. ജലീലിനെ യാത്രാമദ്ധ്യേ മറ്റൊരു വാഹനം കുറുകെയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചു. മന്ത്രി എ.കെ. ബാലൻ സഞ്ചരിച്ച വാഹനത്തിന് നേരെ ഏറുപടക്കമെറിഞ്ഞു. ഇതിനെ ജനങ്ങളെ അണിനിരത്തി എൽ.ഡി.എഫ് നേരിടും..
. ജനങ്ങളുടെ പിന്തുണ ഇപ്പോഴും പിണറായി സർക്കാരിനുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്ക കാരണമാണ്. എല്ലാ ജാതി, മത, വലതുപക്ഷ, വർഗീയ ശക്തികളെയും കോർപ്പറേറ്റ് പിന്തുണയുള്ള മാദ്ധ്യമങ്ങളെയും കൂട്ടി സമരത്തിന് യു.ഡി.എഫ് ഇറങ്ങിപ്പുറപ്പെടുന്നത്. സർക്കാർ നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ നടപ്പാക്കിയാൽ ജനങ്ങളിലുണ്ടാകുന്ന പ്രതികരണം അവരെ പരിഭ്രാന്തരാക്കി.യു.ഡി.എഫ് കാലത്ത് 600രൂപയായിരുന്ന ക്ഷേമപെൻഷൻ 1400രൂപയാക്കി. 88 ലക്ഷം കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് , സമരം ചെയ്യുന്ന ബി.ജെ.പിക്കാരുടെയും കോൺഗ്രസുകാരുടെയും വീട്ടിലും നാല് മാസം കൂടി കിട്ടും.
പൊലീസുകാരിൽ ഒരാളെെങ്കിലും ആക്രമിച്ച് കൊലപ്പെടുത്തുക വഴി വെടിവയ്പുണ്ടാക്കി, രക്തസാക്ഷികളെ സൃഷ്ടിക്കാനാകുമോയെന്നാണ് ശ്രമം. പിണറായി സർക്കാരിനെ താഴെയിറക്കാൻ നിറംപിടിപ്പിച്ച കള്ളക്കഥകൾ പ്രചരിപ്പിച്ച് ജനങ്ങളെ ഇളക്കിവിടാൻ നോക്കുകയാണ്. വിമോചനസമര കാലത്തെയാണിവർ അനുസ്മരിപ്പിക്കുന്നത്. കാലം മാറിയെന്നും ജനങ്ങളെല്ലാം മനസിലാക്കുന്നുവെന്നും തിരിച്ചറിയണം. സമരത്തിന് കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് സി.പി.എം
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരെ രംഗത്തുവന്ന മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെ കടന്നാക്രമിച്ച് സി.പി.എമ്മും ഇടതുമുന്നണിയും.
ഖുറാൻ കേരളത്തിൽ വിതരണം ചെയ്യാൻ പാടില്ലെന്ന ആർ.എസ്.എസ് നിലപാടിനെ കുഞ്ഞാലിക്കുട്ടി അംഗീകരിക്കുന്നുണ്ടോയെന്ന്സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. കുഞ്ഞാലിക്കുട്ടി കേരളത്തിൽ സജീവമായതോടെ ,എല്ലാ വർഗീയശക്തികളെയും ഒന്നിപ്പിക്കാൻ ശ്രമം തുടങ്ങിയയായി ഇടതുമുന്നണി യോഗത്തിന് ശേഷം കൺവീനർ എ. വിജയരാഘവനും പറഞ്ഞു.
ഫാസിസത്തെ നേരിടാൻ പാർലമെന്റിലേക്ക് പോയ കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നപ്പോൾ ഫാസിസ്റ്റ് ശക്തികളെന്ന് പറഞ്ഞ ബി.ജെ.പിയെ ശത്രുവല്ലെന്ന് പ്രഖ്യാപിച്ചതായി കോടിയേരി പറഞ്ഞു. ബി.ജെ.പിയല്ല, സി.പി.എമ്മാണ് ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന മുസ്ലീംലീഗ് അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കാൻ തയാറാണെന്ന പരസ്യമായ പ്രഖ്യാപനമാണ്. ഇതും ,സി.ബി.ഐ ഏറ്റെടുത്ത മാറാട് കേസ് മുന്നോട്ട് പോകാത്തതുമായി ബന്ധമുണ്ടോയെന്ന് ലീഗ് വ്യക്തമാക്കണം. ഉമ്മൻ ചാണ്ടിയും ഇബ്രാഹിംകുഞ്ഞും രമേശ് ചെന്നിത്തലയും പ്രതിയായ ടൈറ്റാനിയം കുംഭകോണക്കേസ് സി.ബി.ഐ ഒതുക്കുന്നതും, കേരളത്തിലെ കോൺഗ്രസ് നിലപാടും തമ്മിൽ ബന്ധമുണ്ടോ? ഇന്ത്യയിൽ. മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കുന്ന, വിവാഹ മോചനത്തിനെതിരെ ക്രിമിനൽ കേസെടുക്കുന്ന, ബാബറി മസ്ജിദ് പൊളിച്ച ആർ.എസ്.എസ്.- ബി.ജെ.പി മുസ്ലിംലീഗിന് ശത്രുവല്ല. ഖുറാന്റെ മറപിടിച്ച് രക്ഷപ്പെടേണ്ട കാര്യം തങ്ങൾക്കില്ല. അന്വേഷണം നടക്കട്ടെ.
അന്വേഷണം ബി.ജെ.പിയിലേക്ക് പോകുന്നില്ല. ഓരോ സന്ദർഭത്തിലും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസികളെപ്പററി പാർട്ടി പ്രതികരിക്കുന്നതെന്ന്, കോടിയേരി പറഞ്ഞു. അന്വേഷണം ബി.ജെ.പിയിലേക്ക് പോകുന്നില്ല. ഉദ്യോഗസ്ഥരിൽ മാറ്റം വരുത്തുന്നു. കേന്ദ്രത്തിന്റെ ഇടപെടൽ എല്ലാ കാലത്തും നടക്കുന്നതാണ്. സി.പി.എമ്മിന് പരാതിയുണ്ടാകുമ്പോൾ പറയും. കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ പ്രവർത്തിക്കേണ്ടെന്ന നിലപാട് സി.പി.എമ്മിനില്ല. മുഖ്യമന്ത്രി അന്വേഷണ ഏജൻസികളെന്യായീകരിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ ,പാർട്ടിയും സർക്കാരും ഒന്നല്ല. പാർട്ടിക്ക് പാർട്ടിയുടേതായ അഭിപ്രായം പ്രകടിപ്പിക്കേണ്ടി വരുമെന്നായിരുന്നു മറുപടി.