മ്യൂണിക്ക് : ഒന്നും രണ്ടുമല്ല മറുപടിയില്ലാത്ത എട്ടുഗോളുകളടിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബാളിന്റെ പുതിയ സീസണിന് തുടക്കമിട്ടത്. ഷാൽക്കെ 04 എഫ്.സിയാണ് ബയേണിന്റെ ബയണറ്റുകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ.
സ്വന്തം തട്ടകമായ അലിയൻസ് അരീനയിൽ മൂന്നുഗോളുകളാണ് ആദ്യ പകുതിയിൽ ബയേൺ നേടിയത്. രണ്ടാം പകുതിയിൽ അഞ്ചെണ്ണംകൂടി.കഴിഞ്ഞ സീസണിൽ മിന്നുന്ന ഫോമിലായിരുന്ന സെർജ് ഗ്നാബ്രിയാണ് ആദ്യ പകുതിയിലെയും രണ്ടാം പകുതിയിലെയും ഗോളുകൾ നേടിയത്. സീസണിലെ ആദ്യ ഹാട്രിക് എന്ന റെക്കാഡും ഗ്നാബ്രി സ്വന്തമാക്കി. ഗൊരേസ്ക,ലെവാൻഡോവ്സ്കി,മുള്ളർ,ലെറോയ് സാനേ,മുസൈല എന്നിവർ ഒാരോ ഗോൾ നേടി.
കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ ബയേൺ 8-2ന് ബാഴ്സലോണയെ തരിപ്പണമാക്കിയിരുന്നു.
ബയേണിന്റെ ഗോളുകൾ ഇങ്ങനെ
4-ാം മിനിട്ട് - സെർജ് ഗ്നാബ്രി
19-ാം മിനിട്ട് -ഗൊരേസ്ക
31-ാം മിനിട്ട് -ലെവാൻഡോവ്സ്കി
47-ാം മിനിട്ട് - സെർജ് ഗ്നാബ്രി
59-ാം മിനിട്ട് - സെർജ് ഗ്നാബ്രി
69-ാം മിനിട്ട് - തോമസ് മുള്ളർ
71-ാം മിനിട്ട് - ലെറോയ് സാനേ
81-ാം മിനിട്ട് - മുസൈല