ഹവായ്: രണ്ടു വർഷം മുൻപ് കളഞ്ഞുപോയ സർഫിംഗ് ബോർഡ് തിരികെ കിട്ടിയപ്പോൾ ഉപയോഗിക്കാൻ ഭാഗ്യമില്ലാതെ ഉടമ. ഹവായിലാണ് രസകരമായ സംഭവം നടന്നത്. 2018ലാണ് സർഫർ ഡഗ് ഫാൾട്ടറിന്റെ സർഫിംഗ് ബോർഡ് നഷ്ടമായത്. കഴിഞ്ഞ ദിവസം അത് തിരികെ കിട്ടി ആർക്കെന്നോ... അങ്ങ് ഫിലിപ്പൈൻസിലെ സാരംഗനി ദ്വീപിലുള്ള ജിയോവന ബ്രൻസ്വലയ്ക്ക്. ബ്രൻസ്വല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ടാണ് ഫാൾട്ടർ തന്റെ പ്രിയ ബോർഡിനെ തിരിച്ചറിഞ്ഞത്. എന്നാൽ, ബ്രൻസ്വല ഇതൊരു മത്സ്യത്തൊഴിലാളിയിൽ നിന്ന് 40 യു.എസ് ഡോളർ നൽകിയാണ് വാങ്ങിയത്. സ്കൂൾ അദ്ധ്യാപകനായ ബ്രൻസ്വല രണ്ടു മാസം മുൻപാണ് ഈ ബോർഡ് കാശു കൊടുത്ത് സ്വന്തമാക്കിയത്. ഫാൾട്ടറിന് നഷ്ടമായ ബോർഡ് കടലിൽ ഒഴുകുന്ന നിലയിൽ ഒരു മത്സ്യത്തൊഴിലാളിയ്ക്ക് ലഭിച്ചിരുന്നു. കുറച്ചുകാലം അതു സൂക്ഷിച്ചുവച്ച കക്ഷി ആരും അന്വേഷിച്ചു വരാതായതോടെ വിൽക്കുകയായിരുന്നു. എന്നാൽ ബോർഡ് കാണാതായത് താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നാണ് ഫാൾട്ടർ പറയുന്നത്. എന്തായാലും ബോർഡ് തിരികെ നൽകാനാവില്ലെന്ന് ബ്രൻസ്വല വ്യക്തമാക്കിക്കഴിഞ്ഞു. ഒപ്പം പഴയ ഉടമയ്ക്ക് ഒരു വാക്കും നൽകുന്നുണ്ട് നിങ്ങളുടെ ഈ പ്രിയ വസ്തുവിനെ ഞാൻ പൊന്നുപോലെ നോക്കുമെന്ന്. തന്റെ ബോർഡ് എവിടെയാണെന്നറിഞ്ഞിട്ടും ഉപയോഗിക്കാൻ കഴിയാത്ത വിഷമത്തിലാണത്രേ ഫാൾട്ടർ.