കണ്ണൂർ: കശുഅണ്ടി മഴയിൽ എത്ര കുതിർന്നാലും കർഷകർ ഭയപ്പെടേണ്ടതില്ലെന്ന് തെളിയിക്കുകയാണ് ഉളിക്കൽ കോക്കാട്ട് സ്വദേശി ബ്രിജിത്ത് കൃഷ്ണ. മുളച്ച കശുഅണ്ടിയിൽ നിന്ന് പരിപ്പ് വേർതിരിച്ചെടുത്ത് കിലോയ്ക്ക് അഞ്ഞൂറ് രൂപ നിരക്കിൽ വില്പന നടത്തുകയാണ് ഇദ്ദേഹം.
23 ഡിഗ്രി തണുപ്പിൽ കശുഅണ്ടിയെ ചണച്ചാക്കിൽ കെട്ടി മുറിയിൽ മുളക്കാത്ത വിധം സൂക്ഷിക്കും. പിന്നീട് ചകിരിച്ചോറും പ്ലാസ്റ്റിക്ക് പാത്രങ്ങളും ഉപയോഗിച്ച് മുളപ്പിച്ചെടുക്കും. മുളക്കാൻ 15 ദിവസം വരെ വേണം. ഇതിനായി പ്രത്യേക മുറിയും ബ്രിജിത്ത് സജ്ജീകരിച്ചു. മുളച്ച് വന്നാൽ പിന്നീട് ഇതിൽ നിന്നും പരിപ്പ് വേർതിരിച്ചെടുക്കാം.
അച്ചാർ, സ്ക്വാഷ്, സലാഡ് എന്നിവയ്ക്കും കറി വയ്ക്കുന്നതിനും നിരവധി പേരാണ് ബ്രിജിത്തിന്റെ പക്കലിൽ നിന്നും കശുഅണ്ടി പരിപ്പ് വാങ്ങുന്നത്. കർഷകർക്ക് വളരെ എളുപ്പത്തിൽ മികച്ച ലാഭം കൊയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് എൻജിനീയർ കൂടിയായ ബ്രിജിത്ത് പറയുന്നു. മൂന്ന് കിലോ കശുഅണ്ടി മുളപ്പിച്ചാൽ ഒരു കിലോ കശുഅണ്ടി പരിപ്പ് ലഭിക്കും. ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, സിങ്ക് തുടങ്ങി ധാതുക്കളും നാരുകളും അടങ്ങിയ കശുഅണ്ടി പരിപ്പ് ഏറെ ആരോഗ്യപ്രദമാണ്. സംരംഭം മുന്നോട്ടു കൊണ്ടു പോകാൻ ഭാര്യ ശ്രീഷ്മയുടെ സഹായവും ബ്രിജിത്തിനുണ്ട്.
ആശയം ഉദിച്ചത് ലോക്ക് ഡൗണിൽ
ലോക്ക് ഡൗൺ സമയത്താണ് ഇത്തരത്തിൽ ഒരാശയം ബ്രിജിത്ത് മുന്നോട്ടുവയ്ക്കുന്നത്. ലോക്ക് ഡൗണിൽ കശുഅണ്ടി വിൽക്കാൻ പ്രയാസമായിരുന്നു. വിറ്റാലും വില വളരെ കുറവുമായിരുന്നു. മാത്രമല്ല നനഞ്ഞ കശുഅണ്ടി കൂടി ആയപ്പോൾ ഒരു വിധത്തിലും ഉപയോഗപ്പെടാത്ത സ്ഥിതിയിലായി. ഈ സാഹചര്യത്തിലാണ് പുതിയ വിപണന സാധ്യത കണ്ടെത്തിയത്. ഇവയുടെ ഗുണമേന്മ മനസ്സിലാക്കി ഇപ്പോൾ വിദേശത്ത് നിന്നടക്കം നിരവധി ഷെഫ്‌മാരാണ് കശുഅണ്ടി പരിപ്പ് ആവശ്യപ്പെട്ട് ബ്രിജിത്തിനെ വിളിക്കുന്നത്.
-മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം അംഗീകാരം നൽകി
-സെന്റർ കോക്കോ ആൻഡ് കാഷ്യു ഡയറക്ടറേറ്റും അഗ്രികൾച്ചറൽ ഇൻക്യുബേഷൻ സെന്ററും കേന്ദ്ര ആത്മ നിർഭർ സംരംഭകത്വ പാനലിലേക്ക് ശുപാർശ ചെയ്തു.
-സംസ്ഥാന സർക്കാർ സുഭിക്ഷം പദ്ധതയിൽ ഉൾപ്പെടുത്തി
-കാഷ്യു സ്‌ട്രൗസ് (മുളപ്പിച്ച പരിപ്പ്) എന്നയിനം ഭക്ഷ്യ വിഭവമായി കൃഷി വകുപ്പ് ഉൾപ്പെടുത്തി
ലോക്ക്ഡൗൺ സമയത്താണ് ഇങ്ങനെ ഒരു ആശയം തോന്നിയത്. ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. സംരംഭം കൂടുതൽ വിപുലീകരിക്കാനാണ് തീരുമാനം
ബ്രിജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |