തൃശൂർ: ശബരിമല പൂങ്കാവനത്തിന് സമീപം കൂനങ്കര ശബരി ശരണാശ്രമം സ്ഥിതി ചെയ്യുന്ന 18 ഏക്കർ സ്ഥലത്ത് ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന 'ശബര്യാരാമം' പദ്ധതിയിൽ പങ്കുചേരാൻ മാടക്കത്തറ ഗ്രാമം ഒരുങ്ങുന്നു. ശബര്യാരാമത്തിലേക്ക് ആവശ്യമായ എല്ലാ ഫലവൃക്ഷങ്ങളുടെയും തൈകൾ ശേഖരിച്ച് ആഘോഷപൂർവ്വം മാടക്കത്തറ ഗ്രാമത്തിൽ നിന്നും പ്രത്യേകം തയ്യാർ ചെയ്ത വാഹനത്തിൽ കൊണ്ടുപോകുന്നതിന് സജ്ജീകരണം ആരംഭിച്ചു.
ശബരിമലയിൽ എത്തുന്ന അയ്യപ്പ തീർത്ഥാടകർക്ക് വിശ്രമിക്കാനും ഭക്ഷണ, താമസ, ചികിത്സാ സൗകര്യം ഒരുക്കാനും സജ്ജമാക്കിയിട്ടുള്ള പ്രമുഖ ഇടത്താവളമാണ് ശബരി ശരണാശ്രമം. അവിടെ ഫലവൃക്ഷം വച്ചുപിടിപ്പിക്കുന്നതിലൂടെ യാത്ര ചെയ്തുവരുന്ന അയ്യപ്പന്മാർക്ക് ആവശ്യമായ പഴവർഗ്ഗങ്ങൾ ഭക്ഷണമായി നൽകാനാകും. മാടക്കത്തറയിലുള്ള നഴ്സറികളിൽ നിന്നാണ് ഫലവൃക്ഷത്തൈകൾ ശേഖരിക്കുന്നത്.
മാടക്കത്തറയിൽ നടന്ന യോഗത്തിൽ ശബരി ശരണാശ്രമം ട്രസ്റ്റിയായ കുമ്മനം രാജശേഖരൻ പദ്ധതി വിശദീകരിച്ചു. യാത്രാക്ലേശം നിമിത്തം വിശന്നു വലഞ്ഞുവരുന്ന അയ്യപ്പന്മാർക്ക് ഫലവർഗ്ഗം നൽകി വിശപ്പകറ്റുന്നതിന് ഈശ്വരീയമായ ശ്രേഷ്ഠ കർമ്മമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പു, ഹിന്ദു ഐക്യവേദി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷരുൺ കൂട്ടാല, ബി.ജെ.പി ഒല്ലൂർ മണ്ഡലം പ്രസിഡന്റ് പ്രനീഷ്, ബി.ജെ.പി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിനോജ് ചിറക്കേകോട്, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത്, അഡ്വ. ഹരികിരൺ തുടങ്ങിയവർ സംബന്ധിച്ചു.
വിജിലൻസ് അന്വേഷണം നിറുത്തിവച്ച് രേഖകൾ
സി.ബി.ഐക്ക് കൈമാറണം
തൃശൂർ: ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും വിജിലൻസ് നിറുത്തിവച്ച് കൈവശമുള്ള എല്ലാ വിവരങ്ങളും സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കേസിന്റെ ഉറവിടം വിദേശ പണം കൈപ്പറ്റിയതും അതിന്റെ വിനിയോഗവുമാണ്. ഇത് വിജിലൻസിന്റെ അന്വേഷണ പരിധിയിൽപ്പെട്ട വിഷയമല്ല. 2019 ജൂലായ് 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ധാരണാപത്രം ഒപ്പിടാൻ ലൈഫ് മിഷന് ഫയൽ നൽകിയതോടെ ആരംഭിച്ച ക്രമക്കേടുകൾ വൻ അഴിമതിക്കും തട്ടിപ്പിനും ഇടയാക്കി. ഇത് സംബന്ധിച്ച തീരുമാനം എടുത്തവരിലേക്കും പങ്കുപറ്റിയവരിലേക്കും അന്വേഷണം നീളണം. നിയമകാര്യ വകുപ്പ് ധാരണാപത്രത്തിൽ കൂട്ടിച്ചേർത്ത നിബന്ധനകളൊന്നും ഇപ്പോൾ കാണാനില്ല. കേസിന്റെ അന്വേഷണ ചുമതല പൂർണ്ണമായും സി.ബി.ഐയെ ഏൽപ്പിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
അനിൽ അക്കര എം.എൽ.എയ്ക്ക്നേരെ
ഭീഷണിയെന്ന് ടി.എൻ പ്രതാപൻ
തൃശൂർ: അനിൽ അക്കര എം.എൽ.എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് എം.പിയും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ ടി.എൻ. പ്രതാപൻ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നൽകി. അനിൽ അക്കരയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ചിലർ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കത്ത്. ഡി.വൈ.എഫ്.ഐയും മറ്റ് സംഘടനകളുമാണ് ഭീഷണിക്കു പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിൽ നിന്നും പിറകോട്ട് പോകില്ലെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |