ആലുവ: ഇന്ന് ലോക നദി ദിനം. പ്രകൃതിയുടെ നിലനില്പിന് അവിഭാജ്യമായ നദികളെ സംരക്ഷിച്ച് നിർത്തുകയാണ് ഓരോ രാജ്യവും. എന്നാൽ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാർ ഈ വർഷവും തിരസ്കരിക്കപ്പെടുകയാണ്.തീരങ്ങളിലെ കൈയേറ്റവും മാലിന്യം തള്ളലും പെരിയാരിനെ വീർപ്പുമുട്ടിക്കുന്നു. 2018 മഹാപ്രളയത്തിൽ പെരിയാറിൽ വന്നുപതിച്ച ചെളിയും എക്കലും ഇതുവരെ നീക്കിയിട്ടില്ല. ഇത് നദിയുടെ ഒഴുക്കിനെ സാരമായി ബാധിച്ചു. കടുത്ത വേനലിലും ജലസമൃദ്ധിയായ പെരിയാർ 'കേരളത്തിന്റെ ജീവരേഖ'യാണ്. പശ്ചിമഗിരിയുടെ തെളിനീരും പേറിയൊഴുകുന്ന പെരിയാറിന് 244 കിലോമീറ്ററാണ് നീളം. അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും, മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും, ഒരു കോർപ്പറേഷനിലൂടെയുമാണ് പെരിയാർ കടന്നുപോകുന്നത്.
അര കോടിയോളം ജനങ്ങൾ കുടിവെള്ള സ്രോതസായ ഉപയോഗിക്കുന്ന പെരിയാറിനെ സംരക്ഷിക്കാൻ സർക്കാർ ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കുടിവെള്ളത്തിന് പുറമെ വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കും പെരിയാറിനെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിനെ ആശ്രയിച്ചാണ്.
കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പെരിയാർ സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.