മഴയും കൊവിഡും ആശങ്ക
ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ രണ്ടാംകൃഷി വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കാലം തെറ്റിയ മഴയും കൊവിഡ് മാനദണ്ഡങ്ങളും പ്രതിസന്ധിയുണ്ടാക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
കൊയ്ത്ത് സുഗമമായി നടത്താനുളള എല്ലാ നടപടികളും കൃഷി വകുപ്പും ജില്ലാ ഭരണകൂടവും സ്വീകരിച്ചു. 2020 ആഗസ്റ്റിലെ പ്രളയത്തെ അതിജീവിച്ച 5563 ഓളം ഹെക്ടറിലാണ് രണ്ടാം കൃഷിയിലെ കൊയ്ത്ത്.ഒക്ടോബറിൽ ആരംഭിക്കുന്ന വിളവെടുപ്പ് ഡിസംബർ മൂന്നാം വാരം വരെ നീളാനാണ് സാദ്ധ്യത. കാലാവസ്ഥാ വ്യതിയാനം മൂലം പലഘട്ടങ്ങളായാണ് ഇത്തവണ വിളവിറക്കിയത്. ഉടൻ കൊയ്ത്ത് തുടങ്ങേണ്ട എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി കൃഷി ഓഫീസർമാർ സമിതി രൂപീകരിച്ച് കൊയ്ത്തിനുളള ആക്ഷൻപ്ലാൻ രൂപപ്പെടുത്തും. വിളവെടുക്കേണ്ട പാടശേഖരങ്ങളുടെ ഭാരവാഹികൾ കോൺട്രാക്ടർമാരുമായി കരാർ വയ്ക്കാൻ കൃഷിവകുപ്പ് നിർദ്ദേശം നൽകി. വിളവെടുപ്പിന് ഏകദേശം 82 കൊയ്ത്ത് യന്ത്രങ്ങളാണ് ജില്ലയിൽ ആവശ്യം. ഇവയെല്ലാം തമിഴ്നാട്ടിൽ നിന്ന് എത്തേണ്ടതുണ്ട്. അടിയന്തിരമായി കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവരാനുള്ള നടപടികളെടുത്തിട്ടുണ്ട്. മഴയുള്ളതിനാൽ കൊയ്ത്ത് കഴിയുന്ന പാടങ്ങളിലെ നെല്ല് വേഗത്തിൽ സംഭരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി.
യന്ത്രവാടകയിൽ ഏകീകരണം
കൊയ്ത്ത് സുഗമമായി നടത്തുന്നതിന് കളക്ടറുടെ നേതൃത്വത്തിലാണ് കൃഷിവകുപ്പ് മുന്നോരുക്കം നടത്തുന്നത്. യന്ത്ര വാടക നേരത്തെ ഏകീകരിച്ച് നിശ്ചയിച്ചിട്ടുണ്ട്. മണിക്കൂറിൽ 2000- 2500 രൂപയാണ് കർഷകരിൽ നിന്ന് യന്ത്രവാടക ഈടാക്കിയിരുന്നത്
പ്രോട്ടോകോൾ നിർബന്ധം
കൊവിഡ് പ്രോട്ടോകോൾ പ്രകാരം കൊയ്ത്ത്, മെതി യന്ത്രങ്ങളുമായി വരുന്ന തൊഴിലാളികൾ യാത്രയ്ക്കുമുൻപു തന്നെ കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പു വരുത്തണം. ഇവിടെയെത്തി ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണം. ഈ കാലയളവിൽ തൊഴിലാളികൾ പൊതുജനങ്ങളുമായോ, കർഷകരുമായോ ഇടപഴകാനോ മറ്റ് സ്ഥലങ്ങളിൽ പോകാനോ പാടില്ല. തൊഴിലാളികൾക്ക് അതത് പഞ്ചായത്തിൽ താമസ സൗകര്യം കോൺട്രാക്ടർമാർ ഏർപ്പെടുത്തണം. കൊയ്ത്ത് പ്രവർത്തനം നടത്തുന്ന സമയങ്ങളിൽ ക്വാറന്റൈനിൽ എന്നതുപോലെ കഴിയണം. ദിവസവും കൊയ്ത്ത് ആരംഭിക്കുന്നതിനു മുമ്പും ശേഷവും യന്ത്രങ്ങൾ അണുവിമുക്തമാക്കണം. കൊയ്ത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടന്ന് ഉറപ്പുവരുത്തും.
ബന്ധപ്പെട്ട ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരും കൃഷി ഓഫീസർമാരും കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറും കൊയ്ത്ത് സുഗമമായി നടത്തുന്നതിന്റെ മേൽനോട്ടം വഹിക്കും
പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ, ആലപ്പുഴ.
യന്ത്രവാടക മണിക്കൂർ നിരക്ക് മാറ്റി സ്ഥലവിസ്തൃതിയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കണം. നിലം പൊത്താത്തതും പാടശേഖരം ഉണങ്ങിയതുമാണെങ്കിൽ മുക്കാൽ മണിക്കൂർ കൊണ്ട് ഒരേക്കറിൽ വിളവെടുക്കാം
കർഷകർ
കുട്ടനാട്ടിലെ നെൽപാടം ഹെക്ടറിൽ
ആകെ വിസ്തൃതി: 30,000
രണ്ടാം കൃഷിക്ക് തയ്യാറാക്കിയത്: 12,500
വിതച്ചത്: 9393.4
വിളവ് പ്രായമായത്: 5563
കഴിഞ്ഞ പ്രളയത്തിൽ കൃഷി നശിച്ചത്: 3830.4
ചെലവ്
ഏക്കറിന് 35,000- 40,000 രൂപ
യന്ത്രവാടക മണിക്കൂറിൽ: 2000- 25,00രൂപ