ചെർപ്പുളശ്ശേരി: കാർഷിക മേഖലയുടെ ഭാവി തങ്ങളുടെ കൈകളിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. വല്ലപ്പുഴ ചൂരക്കോട് മുളത്തൂർത്തൊടി ചാത്തു എന്ന കർഷകന്റെ ആറു പേരമക്കളും ഓൺലൈൻ പഠനം കഴിഞ്ഞാലുടൻ പാടത്തേക്കിറങ്ങും, കൃഷിയിലും ഒരുകൈ നോക്കാൻ.
വല്ലപ്പുഴ ജി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി സ്നേഹ, ഒമ്പതാം ക്ലാസുകാരൻ മിഥുൻകൃഷ്ണ, ആറാം ക്ലാസുകാരിയായ ശ്രീലക്ഷ്മി, ചൂരക്കോട് വ്യാസ വിദ്യാനികേതനിൽ പഠിക്കുന്ന മോനിഷ, ഷിബിൻ കൃഷ്ണ, ആനമങ്ങാട് എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീജിത് എന്നിവരാണ് പഠനത്തോടൊപ്പം കാർഷികവൃത്തിയും ഏറ്റെടുത്തിരിക്കുന്നത്. ചൂരക്കോട് നെല്ലിശ്ശേരിയിൽ അര ഏക്കറിലധികം വരുന്ന പാടശേഖരത്തിലാണ് ഈ കുട്ടി കർഷകർ കഴിഞ്ഞദിവസം ഞാറുനട്ടത്.
ഒരു ഇടത്തരം കർഷക കുടുംബമാണ് ചാത്തുവിന്റേത്, മണ്ണിനെ സ്വന്തം ജീവനോളം സ്നേഹിക്കുന്നവരും. തന്റെ തലമുറയ്ക്ക് ശേഷം കൃഷി അന്യാധീനപ്പെടുമോ എന്ന വേവലാതി ഇദ്ദേഹത്തിനില്ല. വീട്ടുകാരുടെ പാരമ്പര്യം ഉൾക്കൊണ്ട് പുതുതലമുറ മണ്ണിലേക്കിറങ്ങിയത് അത്രമേൽ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ്.
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിച്ച് കുട്ടികൾ പാടത്തിറങ്ങി ഞാറുനട്ട കാഴ്ച കുടുംബത്തിന് മാത്രമല്ല, നാട്ടുകാർക്കും ഏറെ കൗതുകമായി. കുട്ടികർഷകർ വിതച്ച നെല്ല് കൊയ്യുന്ന കാലത്തിനായുള്ള കാത്തിരിപ്പിലാണ് ചാത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |