തിരുവനന്തപുരം:സ്പ്രിൻക്ളർ കരാറിൽ വീഴ്ച ഉണ്ടായതായി സർക്കാർ നിയാേഗിച്ച മാധവൻ നമ്പ്യാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്നും നിയമവകുപ്പുമായി ആലോചിച്ചിട്ടില്ലെന്നും കരാറിന് മുൻകൈ എടുത്തതും ഒപ്പിട്ടതും എം ശിവശങ്കറാണെന്നും റിപ്പോർട്ടിൽ പറയുന്നു. കരാർ വഴി 1.8ലക്ഷം പേരുടെ വിവരങ്ങൾ സ്പ്രിൻക്ളറിന് ലഭ്യമായിട്ടുണ്ടെന്നും സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മുൻ വ്യോമയാന സെക്രട്ടറി എം മാധവൻ നമ്പ്യാരും സൈബർ സുരക്ഷാ വിദഗ്ധനായ ഗുൽഷൻ റോയിയും അടങ്ങിയതായിരുന്നു കമ്മിറ്റി.
1.8 ലക്ഷംപേരുടെ വിവരങ്ങൾ കമ്പനിക്ക് ലഭ്യമായെങ്കിലും ഇതിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ഒന്നുമില്ലെന്നും പനിപോലുളള സാധാരണ രോഗങ്ങളുടെ വിവരങ്ങൾ മാത്രമേ ഉളളൂ എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. വിവരചോർച്ച കണ്ടെത്താൻ സർക്കാരിന് നിവലിൽ സംവിധാനങ്ങൾ ഒന്നുമില്ലെന്നും അതിനാൽ ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനുളള എട്ടിന നിർദ്ദേശങ്ങളും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സി ഡിറ്റിനെയും ഐടി വകുപ്പിനെയും കൂടുതൽ ശക്തമാക്കണം, സി ഡിറ്റിലെ ജീവനക്കാർക്ക് കാലാകാലങ്ങളിൽ പരിശീലനം നൽകണം,സർക്കാരിന്റെ ഡിജിറ്റൽ സാങ്കേതിക വിദ്യാഭ്യാസമേഖല കൂടുതൽ ശക്തമാക്കണം തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഇതിനാെപ്പം സുപ്രധാന വിവരങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്ന് സർക്കാരിന് വിദഗ്ധസമിതി മാർഗനിർദേശവും നൽകിയിട്ടുണ്ട്.