തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ വീഴ്‌ചയിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു.മുഖ്യമന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും പോളിറ്റ്‌ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിളള പ്രതികരിച്ചു. ശിവശങ്കറിന്റെ മൊഴിയിൽ സിപിഎമ്മിന് ആശങ്കയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്‌റ്റർ പറഞ്ഞു.
'മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തിന് യാതൊരു പുതുമയുമില്ല. കഴിഞ്ഞ 120 ദിവസമായി ഇതേ ആവശ്യം അവർ ഉന്നയിക്കുകയാണ്, ഏത് അന്വേഷണവും നടക്കട്ടെയെന്നും തന്റെ ഓഫീസിനെ കുറിച്ചും അന്വേഷിക്കട്ടെ. ഉപ്പ് തിന്നവൻ വെളളം കുടിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യമേ വ്യക്തമായി പറഞ്ഞത്. ഈ പ്രശ്‌നമുണ്ടായ ഉടൻ ശിവശങ്കറിനെ മാറ്റി നിർത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിണറായി വിജയൻ രാജി വയ്‌ക്കുന്ന പ്രശ്‌നമേയില്ല. ധാർമ്മികമായി രാജി വയ്‌ക്കാനായിരുന്നെങ്കിൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം പ്രധാനമന്ത്രിയുടെ കീഴിൽ വരുന്നതാണ്. പ്രധാനമന്ത്രി രാജിവയ്‌ക്കുമോ?' ടി.ഒ സൂരജിന്റെ കാര്യം വന്നപ്പോൾ ഇതുപോലെ ധാർമ്മികതയൊന്നും ആരും ഉന്നയിക്കാത്തതെന്താണെന്നും ഗോവിന്ദൻ മാസ്‌റ്റർ ചോദിച്ചു.
'പുതിയ വാദങ്ങളും വാർത്തകളും എല്ലാം അന്വേഷിക്കട്ടെ.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന് പറയുന്നത് അന്നും ഇന്നും അസംബന്ധമാണ്.' ഗോവിന്ദൻ മാസ്‌റ്റർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |