മാള: കാൽപ്പന്ത് കളിയിലെ ഇതിഹാസത്തിന്റെ വേർപാടിൽ മാളയിലുള്ള ഡിയഗോ മറഡോണയുടെ കുടുംബവും സങ്കടത്തിൽ. മാളയ്ക്കടുത്തുള്ള മാള പള്ളിപ്പുറത്തെ ഈ ഡിയഗോ മറഡോണയ്ക്കും കുടുംബത്തിനും മൈതാനത്തിന് പുറത്തെ ബന്ധം മാത്രമാണ് കാൽപ്പന്ത് കളിയുമായുള്ളത്. പക്ഷേ കാൽപ്പന്ത് കളിയോട് ഭ്രാന്തമായ ആരാധനയുണ്ട്. ആ ആരാധനയാണ് മാള പള്ളിപ്പുറത്തെ ഡിയഗോ മറഡോണയുടെ പേരിടൽ ചടങ്ങ് ബന്ധുക്കളെ ഞെട്ടിച്ചത്. 1990 ജൂലായ് 2 ന് മാള പള്ളിപ്പുറം കൊടിയൻ തോമസിന്റേയും ആനിയുടേയും മകനായാണ് ജനനം. മറഡോണ ലോക കാൽപന്ത് കളിയുടെ ഇതിഹാസമായി അവതരിച്ചപ്പോൾ തന്നെ തോമസ് നിശ്ചയിച്ചതാണ് മകന് ആ പേരിടണമെന്ന്. ആന്റണിയെന്ന പേരിടാനാണ് അമ്മ ആനിയും ബന്ധുക്കളും തീരുമാനിച്ചിരുന്നത്. എന്നാൽ പേര് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായ തോമസ് ഒന്നും ആലോചിക്കാതെ ആ പേര് പുറത്ത് വിട്ടു. ഡിയാഗോ മറഡോണ. പേര് കേട്ടപ്പോൾ ഫുട്ബാൾ കളിക്കാരൻ ആയിരിക്കുമെന്ന് കരുതിയ സ്കൂളിലെ കൂട്ടുകാരുടെ പ്രതീക്ഷയും മറഡോണ തെറ്റിച്ചു. ഇപ്പോൾ സിവിൽ എൻജിനീയറിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുന്നു.
"എനിക്ക് മാത്രമല്ല എന്റെ മകനും പാപ്പയാണ് പേരിട്ടത്. മകന് ലിയോ മെസി എന്ന് പേരിട്ട് വൈകാതെ പപ്പ മരിച്ചു. ഏഴ് മാസമായ ഇളയ മകനും അതുപോലൊരു പേരിടണമെന്നാണ് ആഗ്രഹം. ഭാര്യ ജിൻസിയുടെ സമ്മതത്തോടെയാകും പേരിടൽ. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്.
ഡിയാഗോ മറഡോണ
"മകന് ഡിയാഗോ മറഡോണ എന്ന പേരിടാൻ ഭർത്താവും എന്റെ സഹോദരനും ഒരുമിച്ചാണ് തീരുമാനിച്ചതെന്ന് പിന്നീട് മനസിലായി. പള്ളിയിൽ വച്ച് ഈ പേരിട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടി. പിന്നീട് സന്തോഷമേ തോന്നിയുള്ളൂ
ആനി