തിരുവനന്തപുരം: പരാതി നൽകാൻ സ്റ്റേഷനിലെത്തുന്നവരെ ചീത്തവിളിച്ചും ഹെൽമെറ്റില്ലാത്തതിന് വൃദ്ധനെ കരണത്തടിച്ച് ജീപ്പിലേക്ക് എടുത്തെറിഞ്ഞും കൊവിഡിൽ വഴിമുട്ടിയപ്പോൾ റോഡരികിൽ കച്ചവടം തുടങ്ങിയവരെ കൈകാര്യം ചെയ്തും കേരളത്തിന് നാണക്കേടുണ്ടാക്കുകയാണ് ജനമൈത്രി പൊലീസ്. പൊലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരവുമായിരിക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പലവട്ടം താക്കീത് നൽകിയിട്ടും പൊലീസ് ജനങ്ങളോട് മെക്കിട്ടു കയറുന്നു.
പരാതിക്കാരനെ സ്റ്റേഷനിൽ കയറ്രാതെ ആട്ടിയോടിക്കുന്ന നെയ്യാർഡാം എ.എസ്.ഐയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സ്ഥലംമാറ്റത്തിൽ ഒതുക്കി ഡി.ജി.പി.
കണ്ണൂർ ചെറുപുഴയിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ സി.ഐ വിനീഷ് കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ശിക്ഷ തീവ്രപരിശീലനത്തിൽ ഒതുക്കി. ചടയമംഗലത്ത് 69കാരനായ രാമാനന്ദൻനായരെ നടുറോഡിൽ തല്ലിച്ചതച്ച എസ്.ഐ ഷെജീമിനും പരിശീലനം മാത്രമാണ് ശിക്ഷ. ഓഫീസിലേക്ക് വരുമ്പോൾ ട്രാഫിക് ബ്ലോക്കുണ്ടായതിന് തിരുവനന്തപുരം വഴുതക്കാട്ടെ തട്ടുകടകളെല്ലാം പൂട്ടാൻ പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ ഉത്തരവിട്ടത് അടുത്തിടെയാണ്.
പൊലീസ് ആക്ടിലെ 86-സി പ്രകാരം സ്ത്രീകളോട് ധാർഷ്ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാം. ഇത് പ്രയോഗിക്കാറേയില്ല. കേസിൽപ്പെട്ടാൽ ആറുമാസത്തെ സസ്പെൻഷൻ മാത്രം. എസ്.ഐക്കെതിരായ വകുപ്പുതല അന്വേഷണം തീരാൻ 15 വർഷമെങ്കിലും കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും. പൊലീസ് മാന്വൽ പഠിപ്പിക്കുന്നതും ഡിവൈ.എസ്.പിമാർ പരീക്ഷ നടത്തിയിരുന്നതും നിറുത്തി. എസ്.ഐമാർക്കു വരെ നല്ലനടപ്പും അവസാനിപ്പിച്ചു. നല്ല ഭാഷയിൽ സംസാരിക്കണം, സഭ്യേതര വാക്കുകൾ പാടില്ല, ജനങ്ങളോടുള്ള പെരുമാറ്റം മോശമായാൽ കസേര തെറിക്കും എന്നൊക്കെയായിരുന്നു ഡി.ജി.പി ബെഹ്റയുടെ മുന്നറിയിപ്പ്. ആര് കേൾക്കാൻ?
മുഖ്യമന്ത്രിയുടെ കൽപ്പനകൾ
പൊലീസിന്റെ പെരുമാറ്റം മാതൃകാപരമായിരിക്കണം
കൃത്യനിഷ്ഠ പാലിക്കണം, ഉയർന്ന സാംസ്കാരിക നിലവാരം പുലർത്തണം.
ഒരുമോശം കാര്യം എല്ലാ മികവുകളും ഇല്ലാതാക്കും
ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ കാര്യങ്ങളും സംരക്ഷിക്കണം
ജനങ്ങളെ അസഭ്യം വിളിക്കുന്നതല്ല ജനമൈത്രി. അങ്ങനെയുള്ളവരെ പിരിച്ചുവിടണം. പെരുമാറ്റം, ഭാഷ എന്നിവയും പരിശീലനത്തിൽ പെടുത്തണം.
-ജസ്റ്റിസ് ബി.കെമാൽപാഷ