കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, എസ്.കെ പൊറ്റെക്കാടിന്റെ ഒരു തെരുവിന്റെ കഥ, ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായിക തുടങ്ങി മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ നീണ്ട നിരയുണ്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സാക്ഷരതാ മിഷന്റെ ഇ.കെ നായനാർ സ്മാരക ലൈബ്രറിയിൽ. 2020 ലോക സാക്ഷരതാ ദിനത്തിലാണ് അറിവിന്റെ ജാലകം വായനക്കാർക്കായി തുറന്നത്. പ്രവർത്തനം തുടങ്ങി ആഴ്ചകൾക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പുസ്തകങ്ങൾ ലൈബ്രറിയുടെ അലമാരകളിൽ സ്ഥാനം പിടിച്ചു. ആദ്യഘട്ടത്തിൽ സാക്ഷരതാ മിഷന് കീഴിൽ വരുന്ന ജില്ലയിലെ 180 ഓളം പ്രേരക്മാരാണ് പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തിച്ചത്. പിന്നീട് ജനപ്രതിനിധികളുടെ ഓർമ്മ പുസ്തകങ്ങളും ലൈബ്രറിയിലെത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം സാക്ഷരതാമിഷന്റെ രണ്ടാം നിലയിലാണ് ലൈബ്രറി വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ലൈബ്രറിയിൽ ഇതുവരെ രണ്ടായിരത്തിലധികം പുസ്തകങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ സംഭാവന ചെയ്യുന്നവർക്ക് സൗജന്യ മെമ്പർഷിപ്പ് സൗകര്യവുമുണ്ട്. 10 പുസ്തകം തരുന്നവർക്ക് ഒരു വർഷത്തേക്കാണ് മെമ്പർഷിപ്പ്. 100 പുസ്തകങ്ങൾനൽകുന്നവർക്ക് ആജീവനാന്ത മെമ്പർഷിപ്പ്. നിലവിൽ മെമ്പർഷിപ്പ് കാർഡുകൾ തയ്യാറായി വരികയാണ്. ഏറ്റവും കൂടുതൽ പുസ്തകം ശേഖരിക്കുന്ന പഠിതാക്കൾക്ക് സാക്ഷരതാ മിഷൻ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ലൈബ്രറി തുടങ്ങുന്നത്. പുസ്തകങ്ങൾക്ക് പുറമേ 8 ദിനപത്രങ്ങളും വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. .
"നഷ്ടപ്പെട്ട വായനയുടെ ലോകം തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. സിവിൽ സ്റ്റേഷനിൽ പല ആവശ്യങ്ങൾക്ക് വരുന്നവർക്ക് ലൈബ്രറിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. ഇതിനകം നിരവധി പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്. ലൈബ്രറിയ്ക്ക് സമീപം ഒരു മ്യൂസിയവും ഫോട്ടോ ഗാലറിയും നിർമ്മിക്കുന്നുണ്ട് '.
പ്രശാന്ത്, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |