ചണ്ഡീഗഢ്: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സ്വതന്ത്ര എം.എൽ.എ സോംബിർ സംഗ്വാൻ. ദാദ്രി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണിദ്ദേഹം. സംസ്ഥാന സർക്കാർ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
കർഷകരുടെ വിഷയത്തിൽ അനുതാപം കാണിക്കുന്നതിനുപകരം കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയാണ് സർക്കാർ ചെയ്തത്. ഇത്തരമൊരു സർക്കാരിനെ പിന്തുണയ്ക്കാൻ തനിക്കു കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുന്നോടിയായി ഹരിയാന കന്നുകാലി വികസന ബോർഡിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് സംഗ്വാൻ രാജിവച്ചിരുന്നു. അതേസമയം, എം.എൽ.എയുടെ പിന്മാറ്റം ഒരു തരത്തിലും ഹരിയാന സർക്കാരിനെ ബാധിക്കില്ല.