പാലക്കാട്: കഞ്ചിക്കോട് മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്ന കേസിൽ കഞ്ചിക്കോട് പടിഞ്ഞാറേക്കാട് ഇഞ്ചിത്തോട്ടത്തിൽ മനോജ് (ലോകനാഥൻ,23), ആലാമരം ശിവാജിനഗർ സ്വദേശി ഗിരീഷ്കുമാർ (25), പാമ്പംപള്ളം സ്വദേശി അഭിജിത് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ തമിഴ്നാട് സ്വദേശി കാർത്തിക് കൂടി പിടിയിലാവാനുണ്ട്. മനോജ് നേരത്തെ പോക്സോ പ്രതിയാണ്. പിടിയിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ 23നാണ് കഞ്ചിക്കോട് പൂട്ടിക്കിടന്ന കമ്പനി പരിസരത്ത് തമിഴ്നാട് സ്വദേശി മൂർത്തിയെ (55) മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാളയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ആക്രി കച്ചവടക്കാരനായ മൂർത്തി അഞ്ചുവർഷമായി ഇവിടെയാണ് താമസിക്കുന്നത്.22ന് രാത്രി പ്രതികൾ നാലുപേരും പ്രദേശത്ത് മദ്യപിക്കാനെത്തിയത് മൂർത്തി തടഞ്ഞതിനെ തുടർന്ന് പട്ടിക കൊണ്ട് മർദ്ദിച്ചു. തുടർന്ന് സ്ഥലംവിട്ട പ്രതികൾ പുലർച്ചെ വീണ്ടും സ്ഥലത്തെത്തി മരക്കട്ട കൊണ്ട് വീണ്ടും തലയ്ക്കടിച്ച് മരണം ഉറപ്പിച്ചു.മൃതദേഹത്തിലെ ആഴത്തിലുള്ള മുറിവുകളും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കേസിലെ ദുരൂഹത വർദ്ധിപ്പിച്ചു. വിരലടയാള വിദഗ്ദ്ധർ ശേഖരിച്ച തെളിവാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.