മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബംഗളൂരു എഫ്.സി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. അമ്പത്തിയാറാം മിനിട്ടിൽ നായകൻ സുനിൽ ഛെത്രി പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ബംഗളൂരുവിന് ജയമൊരുക്കിയത്. ചെന്നൈയിന്റെ സീസണിലെ ആദ്യ തോൽവിയാണിത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് പുറത്തെടുത്തത്. കളിയുടെ മൂന്നാം മിനിട്ടിൽ ചെന്നൈയിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും നായകൻ ക്രിവല്ലേരോയ്ക്ക് അത് മുതലാക്കാനായില്ല. അദ്ദേഹത്തിന്റെ ഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 15-ാംമിനിട്ടിൽ ബംഗളൂരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയനുമായി കൂട്ടിയിടിച്ച് കണങ്കാലിന് പരിക്കേറ്റ് സൂപ്പർത്താരം അനിരുദ്ധ് ഥാപ്പ മടങ്ങിയത് ചെന്നൈയിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഇരു ടീമും ആക്രമണം കനപ്പിച്ചു. അമ്പത്തിയാറാം മിനിട്ടിൽ ആഷിഖ് കുരുണിയനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിനാണ് ബംഗളൂരുവിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഛെത്രി പിഴവേതുമില്ലാതെ പന്ത് വലയിലാക്കുകയായിരുന്നു.