പിടികൊടുക്കാതെ ജില്ലയുടെ മനസ്
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കുമ്പോഴും ജില്ലയുടെ മനസ് ആർക്കൊപ്പമെന്ന ചിത്രം ഇപ്പോഴും വ്യക്തമല്ല. അവസാന ലാപ്പിലും വോട്ടുകൾ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ.
ഒരു മുന്നണിക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനാവാത്ത സ്ഥിതിയാണുള്ളത്. സർക്കാർ വിരുദ്ധ പ്രചാരണങ്ങളിലൂടെ ഒരു ഘട്ടത്തിൽ കോൺഗ്രസ് വളരെ മുന്നിലായിരുന്നു. എന്നാൽ ബി.ജെ.പി ശക്തമായി കളം നിറഞ്ഞതോടെ കോൺഗ്രസിന് കിട്ടേണ്ട വോട്ടുകൾ ചോരുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് ഇടത് മുന്നണി വോട്ട് ചോദിക്കുന്നത്. മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസവും ഇവർക്കുണ്ട്. പരമാവധി സാമുദായിക പരിഗണന നോക്കിയാണ് ഇടത് - വലത് മുന്നണികൾ സ്ഥാനാർത്ഥി നിർണയം നടത്തിയത്. ഇത് വാർഡുകളിലെ വിജയത്തെ സ്വാധീനിക്കും.
കൊട്ടിക്കലാശം ഇന്ന്
പരസ്യപ്രചാരണവും കൊട്ടിക്കലാശവും ഇന്ന് വൈകിട്ട് അവസാനിക്കും. കുടുംബയോഗങ്ങളിൽ മുന്നിൽ ഇടതുമുന്നണിയാണ്. യു.ഡി.എഫും ബി.ജെ.പിയും വ്യക്തിപരമായ വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ്.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലാണ് രാഷ്ട്രീയ സംവാദം കൂടുതൽ. വാർഡുകളിൽ രാഷ്ട്രീയ ചർച്ചകൾ സജീവമാണെങ്കിലും ബന്ധുത്വവും സുഹൃത്ത് വലയവും വിജയത്തിൽ നിർണായകമാവും. അവസാന മണിക്കൂറുകളിലെ ആവേശത്തിലാണ് മൂന്ന് മുന്നണികളും.
തെക്കൻ മേഖല
1. കൊല്ലം നഗരം ഉൾപ്പെടുന്ന ജില്ലയുടെ തെക്കൻ മേഖലയിൽ മൂന്ന് മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം
2. കൊല്ലം കോർപ്പറേഷൻ, കണ്ണനല്ലൂർ, ചാത്തന്നൂർ, പരവൂർ, കുണ്ടറ മേഖലകളിൽ നേരിയ ഇടത് മുൻതൂക്കം
3.യു.ഡി.എഫിലെ വിമതശല്യം വിജയത്തെ ബാധിക്കാനിടയുണ്ട്
വടക്ക് പടിഞ്ഞാറ് മേഖല
1. തീരദേശം, കരുനാഗപ്പള്ളി നഗരസഭ, തഴവ, ശാസ്താംകോട്ട, ശൂരനാട്, കുന്നത്തൂർ, മൈനാഗപ്പള്ളി ഉൾപ്പെടുന്ന വടക്ക് പടിഞ്ഞാറ് മേഖലയിൽ യു.ഡി.എഫിന് മേൽകൈ
2. ശക്തമായ സാന്നിദ്ധ്യം അറിയിച്ച് ബി.ജെ.പി. നിരവധി വാർഡുകളിൽ പ്രചാരണത്തിൽ മുന്നിൽ
3. ത്രികോണ മത്സരം ഒഴിവായിടത്ത് യു.ഡി.എഫ് - ബി.ജെ.പി, എൽ.ഡി.എഫ് - ബി.ജെ.പി മത്സരം
കിഴക്കൻ മേഖല
1. കൊട്ടാരക്കര, പുനലൂർ നഗരസഭകളും കിഴക്കൻ മേഖലയുൾപ്പെടുന്ന മറ്റ് പ്രദേശങ്ങളിലും ആര് മുന്നിലെന്ന് പറയുക അസാദ്ധ്യം
2. ചില പഞ്ചായത്തുകളിൽ യു.ഡി.എഫാണെങ്കിൽ നഗരസഭകളിൽ ഇടതുമുന്നണിയാണ് മുന്നിൽ
3. ചില പഞ്ചായത്തുകളിൽ ബി.ജെ.പി ഭരണം പിടിച്ചെടുക്കുമെന്ന പ്രചാരണം ശക്തം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |