'ചാണക സംഘി' എന്ന സംബോധനയെക്കുറിച്ചുള്ള തന്റെ നിലപാട് ആവർത്തിച്ച് നടൻ കൃഷ്ണകുമാർ. തന്നെ ആ പേര് പറഞ്ഞു വിളിക്കുന്നതിൽ അഭിമാനമാണ് ഉള്ളതെന്നും അങ്ങനെ ആരെങ്കിലും വിളിച്ചാൽ ഇനിയും വിളിച്ചോളൂ എന്നാകും താൻ പറയുക എന്നും കൃഷ്ണകുമാർ. കൗമുദി ടിവിയുടെ 'താരപ്പകിട്ട്' അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ. താൻ ഇക്കാര്യത്തിൽ മുൻ നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദ്യം വന്നപ്പോഴാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചാണകത്തിന് പലതരം ഉപയോഗങ്ങളുണ്ടെന്നും അതിലൂടെ പല ഗുണങ്ങളും ലഭിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
തനിക്കെതിരെ ഉണ്ടാകുന്ന മോശം പരാമർശങ്ങളിലും ട്രോളുകളിലും തനിക്ക് പരാതിയൊന്നുമില്ലെന്നും അത് തനിക്കുള്ളിലെ 'നെഗറ്റിവിറ്റി'യെ ഇല്ലായ്മ ചെയ്യാൻ സഹായകമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. അന്തരിച്ച നടി ശ്രീവിദ്യയാണ് തനിക്ക് ഇക്കാര്യം പറഞ്ഞുതന്നതെന്നും നടൻ പറഞ്ഞു. അത്തരത്തിൽ തനിക്ക് ഉപകാരമാകുന്ന ട്രോളുകളും മോശം പരാമർശങ്ങളും തുടർന്നും ഉണ്ടാകണമെന്നാണ് താൻ അങ്ങനെ ചെയ്യുന്നവരോട് സ്നേഹത്തോടെ ആവശ്യപ്പെടുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.