തിരുവനന്തപുരം: സംസ്ഥാന ജയിലുകളിൽ അന്വേഷണ ഏജൻസികൾക്ക് മുക്കുകയറിടാൻ സർക്കുലറുമായി ജയിൽവകുപ്പ്. സംസ്ഥാന ജയിലുകളിൽ കോടതി ഉത്തരവുമായി ചോദ്യം ചെയ്യാനും വിവരം ശേഖരിക്കാനും എത്തുന്ന പൊലീസ്, സി.ബി.ഐ, എൻ.ഐ.എ, ഇ.ഡി, കസ്റ്റംസ്, എൻ.സി.ബി, ഡി.ആർ.ഐ, എസ്.എഫ്.ഐ.ഒ തുടങ്ങിയ ഏജൻസികൾ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനവുമായി വന്നാൽ മതിയെന്നും സംവിധാനമില്ലാത്തവർക്ക് അനുമതി നൽകേണ്ടന്നും ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ സർക്കുലർ.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ സർക്കുലറെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. സംസ്ഥാന ജയിലുകളിലെ സൂപ്രണ്ടുമാർക്ക് നൽകിയിരിക്കുന്ന സർക്കുലറിലാണ് പുതിയ നിർദ്ദേശമുള്ളത്. വിവിധ അന്വേഷണ ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോഗ്രാഫ് ചെയ്യണമെന്നും അത് 18 മാസം സൂക്ഷിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിക്കുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തായത് വലിയ വിവാദങ്ങൾ വഴിവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി തവണ അന്വേഷണ ഏജൻസികൾ അട്ടക്കുളങ്ങരെ ജയിലിലെത്തി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇവർക്ക് ഫൈവ് ലെയർ സുരക്ഷയും ഒരുക്കിയിരുന്നു.
വിവാദങ്ങളിൽ ജയിൽ വകുപ്പ് സംശയ നിഴലിലായതും പുതിയ സർക്കുലറിന് വഴിയൊരുക്കിയെന്നാണ് സൂചന. കോടതി ഉത്തരവോടെയാണെങ്കിലും നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള അന്വേഷണ ഏജസികളുടെ കടന്നുകയറ്റത്തിൽ ജയിൽവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. പുതിയ സർക്കുലറിലൂടെ ജയിൽ വകുപ്പിലെ അന്വേഷണ ഏജൻസികളുടെ കടന്നുകയറ്റത്തിന് തടയിടാനാവുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ കരുതുന്നത്.
സെൻട്രൽ ജയിലിൽ സംവിധാനമുണ്ട്, പക്ഷേ കൈമാറില്ല
ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനം സെൻട്രൽ ജയിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. കോടതി ഉത്തരവുമായി പ്രതികളെ ചോദ്യം ചെയ്യാനെത്തുന്നവർക്ക് റെക്കോർഡിംഗ് സംവിധാനം ഇല്ലെങ്കിലും ചോദ്യം ചെയ്യാൻ അനുവദിക്കുന്നതിനാണിത്. ഇതിന്റെ വീഡിയോ അധികൃതർ ചിത്രീകരിച്ച് സൂക്ഷിക്കും.ഇതിനായി സെൻട്രൽ ജയിലിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ സി.സി ടി.വി ക്യാമറകൾ അടക്കമുള്ള മുറി സജ്ജമാക്കിയിട്ടുണ്ട്. ജയിൽ അധികൃതർ റെക്കോർഡ് ചെയ്യുന്ന വീഡിയോ അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ നിലവിൽ നിർദ്ദേശമില്ല. ഏജൻസികൾ ചിത്രീകരിക്കുന്ന വീഡിയോ ജയിൽവകുപ്പിനും കൈമാറേണ്ടതില്ല. മറ്റ് സെൻട്രൽ ജയിലുകളിൽ ഉടനെ ഇൗ സംവിധാനം സജ്ജമാക്കും.
ചെറു ജയിലുകളിൽ സംവിധാനമില്ല
സംസ്ഥാനത്തെ ജില്ലാ ജയിലുകളിൽ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനമില്ല.ചോദ്യം ചെയ്യാനെത്തുന്ന ഏജൻസികൾ തന്നെ ഇത് കരുതേണ്ടിവരും. അല്ലാത്തവരെ ചോദ്യം ചെയ്യലിനായി ജയിലിലേക്ക് പ്രവേശിപ്പിക്കേണ്ടന്ന നിർദ്ദേശം ഇവിടങ്ങളിൽ നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.