പാലക്കാട്: നഗരസഭ ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമയിൽ ബിജെപി കൊടി കെട്ടിയ സംഭവത്തിൽ പ്രതിയായയാൾ അറസ്റ്റിലായി. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ബിജെപിയുടെ കൊടിയാണ് പ്രതിമയിൽ കെട്ടിവച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
29 വയസുകാരനായ മാനസികാസ്വസ്ഥ്യമുളള പ്രതിയെ അറസ്റ്റ് ചെയ്ത് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാൾ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജില്ലാ ആശുപത്രിയ്ക്ക് സമീപമെത്തിയ ഇയാൾ അവിടെ നിന്നും ബിജെപിയുടെ കൊടിയെടുത്ത് പുലർച്ചെ നഗരസഭ ഓഫീസ് ഗേറ്റ് ചാടിക്കടന്ന് ഗാന്ധിപ്രതിമയെ പതാക പുതപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ പാർട്ടി ഇത് നിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ബിജെപിക്ക് പുറമേ നഗരസഭയും അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവം ഗൂഡാലോചനയാണെന്നും പ്രതിയുടെ പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും ഇയാളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കണമെന്നും ബിജെപി പ്രതികരിച്ചു.