വർക്കല: വർക്കല മരക്കടമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കായിക്കര പുളിത്തിട്ട വീട്ടിൽ വിഷ്ണു (26) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12:45 ഓടെയാണ് സംഭവം. വർക്കല മരക്കട മുക്കിൽ നിന്ന് ചെറുന്നിയൂർ ഭാഗത്തേക്ക്
പോകുന്നതിനിടെ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് റോഡരികിൽ നിന്ന പ്ലാവ് ഓട്ടോയ്ക്ക് മുകളിൽ ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിൻസീറ്റിൽ ഉണ്ടായിരുന്ന കായിക്കര സ്വദേശി മനു
(33 ), ശരത്ത് (28 )എന്നിവർക്ക് പരിക്കേറ്റിട്ടില്ല. കായിക്കര ചട്ടമ്പിസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച നടക്കുന്ന അന്നദാനത്തിന് പച്ചക്കറി വാങ്ങാൻ പോയതായിരുന്നു മൂവരും. വർക്കല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വർക്കല
പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പിതാവ് ദുശന്തൻ, മാതാവ് ഉഷ, സഹോദരി തുഷാര.