വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ അധികാര വടംവലികളെയെല്ലാം അതിജീവിച്ച് അമേരിക്കൻ പ്രസിഡന്റ് പദത്തിലേറി ജോ ബൈഡൻ. ബൈഡന് ശക്തിപകരാൻ ഇന്ത്യൻ വംശജയും അമേരിക്കൻ ചരിത്രത്തിലെ തന്നെ ആദ്യ വനിത വൈസ് പ്രസിഡന്റുമായ കമല ഹാരിസുമുണ്ട് ‘അമേരിക്ക യുണൈറ്റഡ്’എന്ന പ്രമേയത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. രണ്ടുഘട്ടങ്ങളിലായി എട്ടു വർഷം വൈസ് പ്രസിഡന്റും 36 വർഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡൻ അമേരിക്കയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ്. അമേരിക്കൻ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ വൈസ് പ്രസിഡന്റായ കമലാഹാരിസിന്റെ കുടുംബ വേരുകൾ തമിഴ്നാട്ടിലാണ്.
കൊവിഡ് നിയന്ത്രണങ്ങൾ മൂലം ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഡെലവെയർ സംസ്ഥാനത്തെ വിൽമിംഗ്ടനിൽ നിന്നു വൈറ്റ്ഹൗസിലേക്ക് മാറുന്ന ചരിത്രമുഹൂർത്തത്തിൽ, സെനറ്ററായിരുന്ന കാലത്തേതു പോലെ ട്രെയിനിൽ വരാനായിരുന്നു ബൈഡന്റെ പദ്ധതി. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ അവസാനനിമിഷം ഈ ട്രെയിൻ യാത്ര റദ്ദാക്കി.
സ്ഥാനാരോഹണച്ചടങ്ങിനു ശേഷമുള്ള പ്രത്യേക വിരുന്നും പരേഡും ഒഴിവാക്കി. വൻ ജനാവലിക്ക് പകരം വെറും 1000 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കാപ്പിറ്റോൾ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം.
അതേസമയം, 150 കൊല്ലത്തിനിടെ ആദ്യമായി, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തിയില്ലെന്നതും ശ്രദ്ധേയമായി. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡോണാൾഡ് ട്രംപ് ഇന്നലെ രാവിലെ അവസാന ജോലിയും പൂർത്തിയാക്കി ഓവൽ ഓഫിസിനോട് വിടപറഞ്ഞു. ട്രംപ് മറൈൻ വൺ വിമാനത്തിൽ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്ക് പോയി. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യിയു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു.
ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.30യോടെ സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി.യുവാക്കൾക്കായി ലൈവ്സ്ട്രീം പരിപാടി, പ്രഥമ വനിത ഡോ. ജിൽ ബൈഡന്റെ സന്ദേശം, ചരിത്രവിദഗ്ദ്ധരെ പങ്കെടുപ്പിച്ചുള്ള പരിപാടി, പ്രസിഡന്റുമാരുടെ ഓമനമൃഗങ്ങളെക്കുറിച്ച് പ്രത്യേക വീഡിയോ പരിപാടി എന്നിവ അരങ്ങേറി. രാത്രി 10.30യോടെ വൈസ് പ്രസിഡന്റ് കമലാഹാരിസും പിന്നാലെ പ്രസിഡന്റ് ജോ ബൈഡനും സത്യപ്രതിജ്ഞ ചെയ്തു. ശേഷം ഇരുവരും പ്രസംഗിച്ചു. പോപ്പ് സൂപ്പർതാരം ലേഡി ഗാഗ ദേശീയഗാനം ആപലിച്ചു. അമാൻഡ ഗോർമാന്റെ കവിതാലാപനവും ജെനിഫർ ലോപെസിന്റെ സംഗീതപരിപാടിയും നടന്നു.
ബൈഡൻ കുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കളായ ഫാ. ലിയോ ജെ. ഒഡൊനൊവനും റവ. ഡോ. സിൽവസ്റ്റർ ബീമാനുമാണു പ്രാർത്ഥനാ ശുശ്രൂഷകൾ നയിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പാസ് – ഇൻ– റിവ്യൂ എന്ന പരമ്പരാഗതമായ ചടങ്ങ് നടന്നു. യു.എസ് സേനകളുടെ പുതിയ കമാൻഡർ ഇൻ ചീഫായി ബൈഡനിലേക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകാത്മകച്ചടങ്ങാണിത്.
പ്രസിഡന്റ് ബൈഡനെ കൂടാതെ പ്രഥമ വനിത ഡോ. ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സെക്കൻഡ് ജന്റിൽമാൻ ഡഗ്ലസ് എംഹോഫും സൈനിക ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുത്തു.
സൈനികസ്മാരകമായ ആർലിംഗ്ടൻ നാഷനൽ സെമിട്രിയിൽ പുഷ്പചക്രം സമർപ്പിച്ചു. പിന്നാലെ
പ്രസിഡന്റായി അധികാരമേറ്റ ബൈഡനെ സൈന്യ സമേതം 15–ാം സ്ട്രീറ്റിൽ നിന്ന് വൈറ്റ്ഹൗസിലേക്ക് ആനയിച്ചു.
ഇന്ത്യൻ സമയം 21നു പുലർച്ചെ 1.45ന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ ജനവിഭാഗങ്ങളുടേതായി ആഘോഷപരിപാടികൾ ഉൾക്കൊള്ളിച്ചുള്ള ‘പരേഡ് എക്രോസ് അമേരിക്ക’ സ്ഥാനാരോഹണചടങ്ങും നടന്നു. .
തുടർന്ന് സെലിബ്രേറ്റിംഗ് അമേരിക്ക എന്ന പേരിൽ ഹോളിവുഡ് താരം ടോം ഹാങ്ക്സ് അവതാരകനാകുന്ന ഒന്നര മണിക്കൂർ പ്രത്യേക പരിപാടി നടന്നു.
കൊവിഡ് മൂലം സ്ഥാനാരോഹണച്ചടങ്ങിനെത്താൻ കഴിയാത്ത പൊതുജനങ്ങളെ പ്രതിനിധാനം ചെയ്ത് അമേരിക്കൻ സംസ്ഥാനങ്ങളെയും ഭരണപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന പതാകകൾ അണിനിരത്തി പാർലമെന്റ് മന്ദിരത്തിന്
മുന്നിലെ നാഷണൽ മാൾ മൈതാനം അലങ്കരിച്ചിരുന്നു.
അൺ ട്രംപ് അമേരിക്ക
സ്ഥാനാരോഹണത്തിന് മുമ്പേ തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികൾ ബൈഡൻ പുറത്തു വിട്ടിരുന്നു. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളുണ്ട്.
വിശദാംശങ്ങൾ ബൈഡന്റെ ചീഫ് ഒഫ് സ്റ്റാഫായ റോൺ ക്ലെയിൻ സീനിയർ സ്റ്റാഫുകൾക്ക് നൽകിക്കഴിഞ്ഞു.
'അൺ ട്രംപ് അമേരിക്ക'യെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികൾക്ക് നല്കിയിരിക്കുന്നത്.
മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിൻവലിക്കുകയെന്നതാണ് അജണ്ടയിലെ ഒന്നാമത്തെ ഇനം.
പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും സഹകരിക്കുക,ലോകാരോഗ്യ സംഘടനയിൽ ചേരുക, വിദ്യാർത്ഥി വായ്പയ്ക്കുള്ള വിലക്ക് നീക്കുക എന്നതും പത്ത് ദിന പദ്ധതികളിൽപ്പെടുന്നു. മാസ്കിനെ ഒരിക്കലും അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടിന് ഘടകവിരുദ്ധമായി മാസ്ക് ധാരണം നിർബന്ധമാക്കുന്നതും ബൈഡന്റെ പരിഗണനയിലുണ്ട്. കൂടാതെ, 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സമാശ്വാസ പാക്കേജും ബൈഡന്റെ പദ്ധതിയിലുണ്ട്.
ആദ്യ 100 ദിവസത്തിനുള്ളിൽ 100 മില്ല്യൺ ഡോസ് വാക്സിൻ വിതരണം ചെയ്യുമെന്നും ബൈഡന്റെ പ്രഖ്യാപനത്തിലുണ്ട്. കുടിയേറ്റ നിയമങ്ങളിലും സമ്പൂർണ അഴിച്ചുപണിയാണ് ബൈഡൻ ലക്ഷ്യമിടുന്നത്. വർക്ക് വിസ സംവിധാനവും എച്ച്1ബി വിസ നിയമങ്ങളുമെല്ലാം മാറ്റത്തിന് വിധേയാകുമെന്നാണ് വിലയിരുത്തൽ.